ആലപ്പുഴയിൽ സർവകക്ഷി യോഗം ചൊവ്വാഴ്ച
ആലപ്പുഴ : രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ ഇന്ന് ചേരാനിരുന്ന സർവകക്ഷി യോഗം ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇന്ന് യോഗത്തിൽ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് ബിജെപി നേതാക്കൾ അറിയിച്ചതിനെ തുടർന്നാണ് യോഗം നാളത്തേക്ക് മാറ്റിയത്. വൈകിട്ട് നാല് മണിക്കാണ് യോഗം.
കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് ബിജെപി യോഗം ബഹിഷ്ക്കരിച്ച പശ്ചാത്തലത്തിലാണ് യോഗം നാളത്തേക്ക് മാറ്റിയത്. മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും അവഗണിക്കുകയാണെന്നും ചൂണ്ടിക്കാട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി നേതൃത്വം അറിയിക്കുകയായിരുന്നു.
അതേസമയം, സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനായുള്ള സർവകക്ഷിയോഗത്തിന് തങ്ങൾ എതിരല്ലെന്നും ഇന്ന് പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്നും ബിജെപി അറിയിച്ചു. രഞ്ജിത്തിന്റെ സംസ്കാര ചടങ്ങുകൾ അവസാനിച്ച് ഇന്ന് രാത്രിയോ നാളെയോ മറ്റന്നാളോ സർവ്വകക്ഷിയോഗം നടത്താമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.