ഒട്ടകം രാജേഷ് പിടിയിൽ
തിരുവനന്തപുരം : പോത്തൻകോട് സുധീഷ് കൊലക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ. തിങ്കളാഴ്ച പുലർച്ചെ കോയമ്പത്തൂരിൽ നിന്നാണ് പിടികൂടിയത്. കൃത്യം നടന്ന് ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് രാജേഷിനെ പിടികൂടാൻ പോലീസിന് കഴിഞ്ഞത്. പോലീസ് സംഘം ഇയാളെ ഉടൻ കേരളത്തിലേക്ക് എത്തിക്കും. സുധീഷ് വധത്തില്‍ ഇതോടെ 11 പ്രതികളും പിടിയിലായി.
ഒട്ടകം രാജേഷിനായി പലസ്ഥലത്തും പോലീസിന് തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്താൻ പോയ പോലീസ് സംഘമാണ് ശനിയാഴ്ച അഞ്ചുതെങ്ങ് കായലിൽ വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പോലീസ് സേനാംഗം ബാലുവിന് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷിനെയാണ് ഒട്ടകം രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അക്രമിസംഘം വീട്ടിൽ മക്കളുടെ മുന്നിൽവച്ച് സുധീഷിന്റെ കാൽ വെട്ടിയെടുത്തശേഷം ബൈക്കിൽ കൊണ്ടുപോയി അര കിലോമീറ്റർ അകലെ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.
ബൈക്കിലും ഓട്ടോയിലുമായി എത്തിയ 12 ഓളം പേരടങ്ങിയ സംഘമാണ് അക്രമം നടത്തിയത്. സംഘത്തെ കണ്ട് സുധീഷ് ഓടി വീട്ടിൽ കയറി രക്ഷപ്പെട്ടങ്കിലും വീട്ടിന്റെ ജനലുകളും വാതിലും തകർത്ത സംഘം വീട്ടിനകത്തു കയറി സുധീഷിനെ വെട്ടുകയായിരുന്നു.