രഞ്ജിത്ത് ശ്രീനിവാസിന്റെ മൃതദേഹം സംസ്കരിച്ചു
ആലപ്പുഴ : ബി.ജെ.പി. നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസിന്റെ സംസ്കാര ചടങ്ങുകൾ നടന്നു. വലിയഴീക്കലിലെ കുടുംബവീട്ടിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. അനുജൻ അഭിജിത്ത് ചിതയ്ക്ക് തീകൊളുത്തി. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ സംസ്കാരച്ചടങ്ങിന് എത്തിച്ചേർന്നിരുന്നു.
രഞ്ജിത്തിന്റെ മൃതദേഹം വലിയഴീക്കലുള്ള കുടുംബവീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ആയിരകണക്കിനാളുകളാണ് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. കേന്ദ്രസഹമന്ത്രി നിത്യാനന്ദ റോയ്, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചിരുന്നു.
പോസ്റ്റ് മോർട്ടത്തിനു ശേഷം രാവിലെ പത്തരയോടെയാണ് രഞ്ജിത്തിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്. തുടർന്ന് വിലാപയാത്രയായി മൃതദേഹം ആലപ്പുഴയിലെത്തിച്ചു. ജില്ലാ കോടതിക്കു മുന്നിലെ ബാർ അസോസിയേഷൻ ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം വെള്ളക്കിണറിലെ വീട്ടിലേക്ക് എത്തിച്ചു. പിന്നീട് സംസ്കാര ചടങ്ങുകൾക്കായി കുടുംബവീടായ വലയഴീക്കലിൽ എത്തിക്കുകയായിരുന്നു.
ഒ.ബി.സി. മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന രഞ്ജിത്തിനെ ഞായറാഴ്ച രാവിലെ ആറരയോടെയാണ് വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുള്ളിലായിരുന്നു രഞ്ജിത്തിന്റെ കൊലപാതകം.