ഗുരുവായൂരപ്പന്റെ ഥാർ ഇനി അമലിന് സ്വന്തം
തൃശ്ശൂർ : ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാർ ലേലത്തിൽ പിടിച്ച കൊച്ചി ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദിന് തന്നെ കൈമാറാൻ ഗുരുവായൂർ ദേവസ്വം ബോർഡ് തീരുമാനം. ഇന്ന് ചേർന്ന ഭരണസമിതി യോഗമാണ് വാഹനം ലേലത്തിൽ വിളിച്ച ആൾക്ക് തന്നെ കൈമാറാൻ തീരുമാനിച്ചത്.15,10,000 രൂപയ്ക്കാണ് അമൽ ഥാർ ലേലംത്തിൽ പിടിച്ചത്.
വണ്ടി ലേലത്തിൽ പോയതിനു പിന്നാലെ വിവാദമുയർന്നിരുന്നു. ലേലത്തിൽ ഒരാൾ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. ഭരണസമിതി യോഗത്തിൽ അന്തിമ തീരുമാനമെടുത്തിട്ടേ ലേലം അംഗീകരിക്കൂവെന്ന് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അറിയിച്ചതോടെയാണ് അനിശ്ചിതത്വം നിലനിന്നിരുന്നത്.
അമലിന് വേണ്ടി തൃശ്ശൂർ എയ്യാൽ സ്വദേശിയും ഗുരുവായൂരിൽ ജ്യോത്സ്യനുമായ സുഭാഷ് പണിക്കരാണ് ലേലംവിളിക്കാനെത്തിയത്. ദേവസ്വം ഭരണസമിതി അംഗീകാരം ഇനി ദേവസ്വം കമ്മീഷണർക്ക് കൈമാറും. കമ്മീഷണർ അന്തിമ അനുമതി നൽകിയാൽ അമലിന് ഗുരുവായൂരിൽ നിന്ന് ഥാർ കൊണ്ടുപോകാം.