രാഷ്‌ട്രപതി ഇന്ന് കേരളത്തിലെത്തും
തിരുവനന്തപുരം : മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. കാസര്‍കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.
വൈകിട്ട് കാസര്‍ഗോഡ് പെരിയ ക്യാമ്പസ്സില്‍ നടക്കുന്ന കേന്ദ്ര സര്‍വ്വകലാശാലയുടെ ബിരുദദാന ചടങ്ങാണ് രാഷ്ട്രപതിയുടെ ആദ്യപരിപാടി. വൈകിട്ട് 3.30 ന് നടക്കുന്ന പരിപാടിയില്‍ അദ്ദേഹം മുഖ്യാതിഥിയാകും. പരിപാടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രി എം വി ഗോവിന്ദന്‍ എന്നിവരും സംബന്ധിക്കും. 742 വിദ്യാര്‍ത്ഥികളാണ് ബിരുദം ഏറ്റുവാങ്ങുന്നത്.
തുടര്‍ന്ന് കൊച്ചിയിലെത്തുന്ന രാഷ്‌ട്രപതി നാളെ നേവല്‍ ബേസില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും. ദക്ഷിണ നാവിക കമാന്‍ഡിന്റെ പ്രദര്‍ശനം വീക്ഷിക്കുന്ന അദ്ദേഹം വിക്രാന്ത് സെല്ലും സന്ദര്‍ശിക്കും. മറ്റന്നാള്‍ തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കും.