ചായക്കടയില്‍ സ്ഫോടനം; ഒരാളുടെ കൈപ്പത്തി അറ്റു
പത്തനംതിട്ട : ആനിക്കാട് ചായക്കടയില്‍ സ്ഫോടനം. ആറുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ കൈപ്പത്തി അറ്റുപോയി. പാറ പൊട്ടിക്കാന്‍ സൂക്ഷിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തില്‍ ചായക്കട പൂര്‍ണമായി തകര്‍ന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്. സണ്ണി ചാക്കോ, ബേബിച്ചന്, പി എം ബഷീര്‍, കുഞ്ഞിബ്രാഹിം, രാജശേഖരന്, ജോണ്‍ ജോസഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സണ്ണി ചാക്കോയുടേ കൈപ്പത്തിയാണ് അറ്റ് പോയത്. ഇയാളുടെ കൈയ്യില്‍വെച്ചാണ് സ്ഫോടക വസ്തു പൊട്ടിയത്.
കിണറ്റിലെ പാറ പൊട്ടിക്കാന്‍ കൊണ്ടുവന്ന സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പൊലീസ് പറയുന്നത്. കിണറ്റിലെ പാറ പൊട്ടിക്കുന്ന തൊഴിലാളി ചായക്കടയില്‍ എത്തിയ സമയത്താണ് സ്ഫോടനം നടന്നത്. പണിയായുധങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്. ചൂടേറ്റ് സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ദുരൂഹത ഇല്ലെന്നാണ് പൊലീസ് പറയുന്നത്.