Editorial

ആരങ്ങൊഴിഞ്ഞത് കപടതയില്ലാത്ത രാജ്യസ്നേഹി

സ്വന്തം നിലപാടുകളിൽ ഉറച്ചു നില്ക്കുകയും അതിനായി ആരുടേയും മുഖം നോക്കാതെ എതിർക്കാൻ ധൈര്യം കാണിക്കുകയും ചെയ്യ്ത നേതാവായിരുന്നു PT തോമസ്. നമ്മുടെ സംസ്ഥാനത്തെ ജനജീവിതത്തെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും അദ്ദേഹം തൻ്റെ അഭിപ്രായം തുറന്നു പറഞ്ഞു. നിശബ്ദ ഭൂരിപക്ഷത്തിന് അദ്ദേഹം പ്രിയങ്കരനായിരുന്നു. എന്നാൽ പണവും അധികാരവും സ്വാധീനവുമുള്ള ഒരു ന്യൂനപക്ഷം അദ്ദേഹത്തെ പല്ലും നഖവുമുപയോഗിച്ച്‌ എതിർത്തു.

എന്നാൽ ബഹുഭൂരിപക്ഷത്തോടെ തിരഞ്ഞെടുപ്പുകൾ വിജയിക്കുന്ന PT തോമസ് എന്ന രാഷ്ട്രീയ നേതാവിന് നേരെ തൊടുത്ത  അപവാദശരങ്ങൾ അദ്ദേഹത്തിൻ്റെ കഴുത്തിൽ പൂമാലകൾ പൊലെയാണ് പതിച്ചത്. പൊതുസമൂഹം അവജ്ഞയോടെ കാണുന്ന വിമർശകരായിരുന്നു PT തോമസ് എന്ന ധീരനായ രാഷ്ട്രീയ നേതാവിനെ ജനമനസ്സുകളിൽ അരക്കിട്ടുറപ്പിച്ചത്.

ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് ധീരമായി ആവശ്യപ്പെട്ട കേരളത്തിലെ ഏക രാഷ്ട്രീയ നേതാവ് PT ആയിരുന്നു. അതു കൊണ്ടാണല്ലൊ അദ്ദേഹം ജീവിച്ചിരുന്നപ്പോൾ സഭാ നേതൃത്വം അദ്ദേഹത്തിന്റെ ശവസംസ്ക്കാരം പ്രതീകാത്മകമായി നടത്തിയത്. അന്ന് ശവമഞ്ചത്തിൽ ചൂലുകൊണ്ട് അടിച്ചവർക്ക് പ്രളയവും ഉരുൾപൊട്ടലും സംഹാരതാണ്ഡവമാടിയപ്പോൾ അവശിഷ്ട്ടങ്ങൾക്കിടയിൽ അതേ ചൂലുമായി ഇറങ്ങേണ്ടി വന്നത് പ്രകൃതിയുടെ പ്രതികാരമായിരിക്കാം.

അഴിമതിയുടെ കറപുരളാത്ത അപൂർവ്വം നേതാക്കളിലൊരാളാണ് PT തോമസ്. സാമൂഹിക പ്രതിബദ്ധതയുള്ള  രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. വസ്തുതകൾ പഠിച്ച് നിയമസഭയിൽ അവതരിപ്പിക്കുന്ന സമർത്ഥനായ സാമാജികനുമായിരുന്നു.

ജാതിയും മതവുമൊന്നും തൊട്ടു തീണ്ടാത്ത പ്രതിഭാശാലിയായ ഒരു രാഷ്ട്രീയ നേതാവിനെയാണ് കേരളത്തിനു നഷ്ട്ടമായത്. കോൺഗ്രസ്സിനാകട്ടെ പൊതുസമൂഹത്തിൻ്റെ അംഗീകാരം നേടിയ ഒരു നിയമസഭാഗംത്തേയും.
കേരളം നിരവധി പരിസ്ഥിതിക പ്രശ്നങ്ങളിലൂടെ കടന്നു പോകുമ്പോൾ PT തോമസ്സിനെപ്പോലൊരു നേതാവിൻ്റെ വിയോഗം നാടിന് തീരാനഷ്ട്ടം തന്നെയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button