പി.ടി.തോമസിന്റെ കണ്ണുകൾ ദാനം ചെയ്തു
കൊച്ചി : അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി.തോമസ് എംഎൽഎയുടെ കണ്ണുകൾ ദാനം ചെയ്തു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് കണ്ണുകൾ ദാനം ചെയ്യ്തത്. മതപരമായ ചടങ്ങുകൾ നടത്തി സംസ്കരിക്കേണ്ട എന്ന അദ്ദേഹത്തിന്റെ അന്ത്യാഭിലാഷവും നിറവേറ്റപ്പെടും.
‘ചന്ദ്രകളഭം ചാർത്തിയുറങ്ങും..’ എന്ന വയലാറിന്റെ ഗാനം കേൾപ്പിച്ച് രവിപുരം ശ്മശാനത്തിൽ തന്നെ ദഹിപ്പിക്കണം, മൃതദേഹത്തിൽ റീത്തുകളോ മറ്റു ആഡംബരങ്ങളോ വെക്കരുത്, ചിതാഭസ്മത്തിന്റെ ഒരുഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കണം തുടങ്ങിയ അന്ത്യഭിലാഷങ്ങളാണ് പി.ടി. തോമസിനുള്ളത്. സുഹൃത്തുക്കളെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരുന്നത്.
അർബുദ ചികിത്സയ്ക്കിടെ വെല്ലൂരിലെ ആശുപത്രിയിൽ ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം. അർദ്ധരാത്രിയോടെ അദ്ദേഹത്തിന്റെ ഇടുക്കിയിലെ ഉപ്പുതോടിലുള്ള വസതിയിലേക്ക് മൃതദേഹം കൊണ്ടുവരും. തുടർന്ന് വ്യാഴാഴ്ച വെളുപ്പിന് ആറുമണിയോടെ കൊച്ചി പാലാരിവട്ടത്തുള്ള വസതിയിലേക്ക് മൃതദേഹം എത്തിക്കും. ഏഴ് മണിക്ക് ശേഷം എറണാകുളം ഡിസിസിയിൽ എത്തിക്കും. അവിടെ നിന്ന് എട്ടരയോടെ എറണാകുളം നോർത്ത് ജങ്ഷനിലെ ടൗൺഹാളിൽ എത്തിക്കും.
രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളും പൊതുജനങ്ങളും അവിടെ വെച്ച് അന്തിമോപചാരം അർപ്പിക്കും. ഉച്ചയ്ക്ക് ഒന്നര മണിയോടെ അദ്ദേഹത്തിന്റെ മണ്ഡലമായ തൃക്കാക്കരയിലുള്ള കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വെക്കും. അഞ്ചരയോടെ രവിപുരം ശ്മാശനത്തിലെത്തിച്ച് സംസ്കാര കർമ്മങ്ങൾ നടത്തും.