ഹരിപ്പാട് ചിങ്ങോലി കാവില്‍ പടിക്കല്‍ ദേവീക്ഷേത്രത്തില്‍ വന്‍ മോഷണം
ആലപ്പുഴ : ഹരിപ്പാട് കാര്‍ത്തികപ്പള്ളി ചിങ്ങോലി കാവില്‍ പടിക്കല്‍ ദേവീക്ഷേത്രത്തില്‍ വന്‍ മോഷണം. മുക്കാല്‍ കിലോ ഗ്രാമോളം സ്വര്‍ണവും രണ്ടര ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടുവെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ക്ഷേത്രത്തിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ദേവസ്വം കൗണ്ടറിന്റേയും ഓഫീസിന്റേയും വാതിലുകള്‍ തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പെട്ട ഇവര്‍ ഉടന്‍ തന്നെ ക്ഷേത്രഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു.
കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് ചുറ്റമ്പലത്തിലെ പടിഞ്ഞാറെ നട തുറന്ന് കിടക്കുന്നതും ക്ഷേത്രത്തിനകത്ത് മോഷണം നടന്നതും മനസ്സിലാകുന്നതും. തുടര്‍ന്ന് കരീലകുളങ്ങര പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പ്രധാന ക്ഷേത്രത്തിന്റെ ഓടിനു മുകളിലൂടെ കയറി അകത്ത് മുകളില്‍ സ്ഥാപിച്ചിരുന്ന ഇരുമ്ബിന്റെ നെറ്റ് ഇളക്കി ആണ് മോഷ്ടാക്കള്‍ ചുറ്റമ്ബലത്തില്‍ ഇറങ്ങിയത്. ഇതിനുള്ളിലെ ചെറിയ മുറിയില്‍ സൂക്ഷിച്ചിരുന്ന ശ്രീ കോവിലിന്റെ താക്കോല്‍ കൈക്കലാക്കുകയും ഉള്ളില്‍ കയറുകയും ചെയ്തു. വിഗ്രഹത്തില്‍ ചാര്‍ത്തുന്ന 10 പവനിലേറെ തൂക്കമുള്ള മാലയും ഇതിനുള്ളില്‍ തന്നെ സൂക്ഷിച്ചിരുന്ന രണ്ടേകാല്‍ ലക്ഷത്തോളം രൂപയും കവർന്നു.
പഴയ ജീവത പുതുക്കുന്നതിന്റെ ഭാഗമായി ഇരുവശത്തെയും സ്വര്‍ണ കുമിളകള്‍, വ്യാളീമുഖം, തിരുമുഖം തുടങ്ങിയവ മിനുക്കുന്നതിനായാണ് അഴിച്ചു ദേവസ്വം ഓഫീസില്‍ സൂക്ഷിച്ചിരുന്നു. ഇതിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തുകയറി ഇവ കൈക്കലാക്കുകയും വഴിപാട് കൗണ്ടറിന്റെ താഴും തല്ലിത്തുറന്നു.
ദേവസ്വം ഓഫീസില്‍ നിന്ന് പഴയ ഒരു കാണിക്കവഞ്ചിയും ഓഫീസ് ഉപയോഗത്തിനായി സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണും എടുത്തെങ്കിലും ക്ഷേത്രത്തിനു പിന്നില്‍ കാവിനു സമീപം ഉപേക്ഷിച്ചു. ഓഫീസ് മുറിയില്‍ ഇരുന്ന വെളളി രൂപങ്ങളും ദേവതകളെ അണയിക്കുന്നതിനായുളള വിലപിടിപ്പില്ലാത്ത ആഭരണങ്ങളും സ്റ്റേജിനു പിന്നിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തി.
കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഡോഗ് സ്ക്വാഡും പരിശോധന നടത്തി.