Top Stories

പി ടിയുടെ സംസ്കാരം ഇന്ന്

ഇടുക്കി : അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്‍റെ സംസ്കാരം ഇന്ന്. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്ന് പുലർച്ചയോടെ ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ച മൃതദേഹം ഇപ്പോൾ വിലാപയാത്രയായി തൊടുപുഴയിലേക്ക് കൊണ്ടുപോവുകയാണ്. ആയിരങ്ങളാണ് പ്രിയപ്പെട്ട നേതാവിന് ആദരാഞ്ജലികൾ അർപ്പിക്കാൻ വീട്ടിലും വഴിയോരത്തുമായി എത്തിയത്.

ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവരും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. രാവിലെ ഒമ്പത് മണിയോടെ കൊച്ചി പാലാരിവട്ടത്തെ വീട്ടിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം ഡിസിസിയിലാകും പൊതുദര്‍ശനം.

തുടര്‍ന്ന് ടൗണ്‍ ഹാളിലെത്തിക്കുന്ന മൃതദേഹത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള പ്രധാന നേതാക്കളെത്തി അന്തിമ ഉപചാരം അര്‍പ്പിക്കും. ഉച്ചയോടെ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിക്കുന്ന മൃതദേഹത്തില്‍ പി ടി തോമസിന്‍റെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ യാത്രമൊഴി നല്‍കും. തുടര്‍ന്ന് വൈകിട്ട് 5.30 ന് എറണാകുളം രവിപുരം ശ്മശാനത്തില്‍ പി ടിയുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി സംസ്കാരചടങ്ങുകള്‍ നടക്കും.

കഴിഞ്ഞ മാസമാണ് നട്ടെല്ലിനെ ബാധിച്ച അര്‍ബുദത്തിനുള്ള ചികിത്സയ്ക്ക് ആയി പി ടി തോമസ് വെല്ലൂരിലെ ആശുപത്രിയില്‍ എത്തിയത്. ഇന്നലെ രാവിലെ പത്ത് മണിയോടെ പിടി തോമസ് മരണത്തിന് കീഴടങ്ങുകയായിരുന്നു. 71 വയസ്സായിരുന്നു അദ്ദേഹത്തിന്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button