കിഴക്കമ്പലം അക്രമം: കിറ്റക്സ് കമ്പനിയോട് തൊഴില്‍ വകുപ്പ് വിശദീകരണം തേടി
കൊച്ചി : കിഴക്കമ്പലത്ത് ക്രിസ്തുമസ് രാത്രിയിൽ കിറ്റക്സിലെ അന്യസംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ പിടികൂടിയ പ്രതികളെ കോലഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. 156 പേരെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ 50 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
വധശ്രമത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനും ആണ് അറസ്റ്റുമാണ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ രണ്ട് ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് വാഹനങ്ങള്‍ തീകത്തിച്ചവരെയടക്കം ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഭവം അന്വേഷിക്കാൻ പെരുമ്പാവൂര്‍ എഎസ് പിയുടെ നേതൃത്വത്തില്‍ പത്തൊന്‍പതംഗ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു.
അതേസമയം,പൊലീസിനെതിരായ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കിറ്റക്സ് കമ്പനിയോട് തൊഴില്‍ വകുപ്പ് വിശദീകരണം തേടി. ഇവിടുത്തെ ജീവനക്കാരായ അതിഥി തൊഴിലാളികളാണ് ഒരു പൊലീസുകാരെ ആക്രമിച്ചത്. ഒരു പൊലീസ് ജീപ്പ് കത്തിച്ച തൊഴിലാളികള്‍, മറ്റ് രണ്ടെണ്ണം ഭാഗികമായി തകര്‍ക്കുകയും ചെയ്തിരുന്നു.
കിറ്റെക്സില്‍ തൊഴില്‍ വകുപ്പ് വിശദമായ പരിശോധന നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി കാഞ്ഞങ്ങാട് അറിയിച്ചിരുന്നു. തൊഴില്‍ വകുപ്പ് കമ്മീഷണറെ ഇതിനായി ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.