Top Stories

രാത്രികാല നിയന്ത്രണം: കടകള്‍ 10 മണിയ്ക്ക് അടയ്ക്കണം

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ഈ മാസം 30 മുതല്‍ ജനുവരി 2 വരെ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതുവര്‍ഷാഘോഷങ്ങളുടെ സാഹചര്യം കണക്കിലെടുത്ത് ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോ​ഗത്തിലാണ് തീരുമാനമാനം.

രാത്രി 10 മുതല്‍ രാവിലെ 5 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. കടകള്‍ രാത്രി 10 മണിയ്ക്ക് അടയ്ക്കണം. അനാവശ്യ യാത്രകള്‍ പാടില്ല പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 31ന് രാത്രി 10ന് ശേഷം അനുവദിക്കുന്നതല്ല. ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുന്നതാണ്.

പുതുവത്സരാഘോഷത്തോടനുബന്ധിച്ച്‌ വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുളള ബീച്ചുകള്‍, ഷോപ്പിംഗ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍, തുടങ്ങിയ പ്രദേശങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ മതിയായ അളവില്‍ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറല്‍ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. കൂടുതല്‍ പോലീസിനെ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിക്കും.

കൊവിഡ് വ്യാപനം പടരുന്ന സ്‌ഥലങ്ങളില്‍ ക്ലസ്റ്റര്‍ രൂപപ്പെടുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കേണ്ടതും ഇത്തരം പ്രദേശങ്ങള്‍ കണ്ടെയ്‌ന്‍മെന്‍റ് പ്രദേശങ്ങളായി പരിഗണിച്ച്‌ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുമാണ്. ഒമിക്രോണ്‍ ഇന്‍ഡോര്‍ സ്‌ഥലങ്ങളില്‍ വേഗം പടരാനുള്ള സാധ്യത കണക്കിലെടുത്തു ഇന്‍ഡോര്‍ വേദികളില്‍ ആവശ്യത്തിന് വായു സഞ്ചാരം സംഘാടകര്‍ ഉറപ്പുവരുത്തണം.

കേന്ദ്രസര്‍ക്കാര്‍ കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കാമെന്നും, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും, 60 വയസ്സിന് മുകളിലുള്ള രോഗാതുരരായവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്നും തീരുമാനിച്ച സാഹചര്യത്തില്‍ കേരളത്തിലെ അര്‍ഹരായവര്‍ക്ക് ജനുവരി 3 മുതല്‍ വാക്സിന്‍ നല്‍കാനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ആയുര്‍വേദ/ ഹോമിയോ മരുന്നുകള്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാന്‍ ആരോഗ്യവകുപ്പ് നടപടി എടുക്കേണ്ടതാണ് എന്നും യോഗത്തിൽ തീരുമാനമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button