അത്യാവശ്യ ഘട്ടങ്ങളിൽ മരുന്ന് വാങ്ങാൻ പോലീസിന്റെ സഹായം ആവശ്യപ്പെടാം
തിരുവനന്തപുരം : വളരെ അത്യാവശ്യ ഘട്ടങ്ങളിൽ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്ന് വാങ്ങി വീട്ടിലെത്തിക്കാൻ പോലീസിന്റെ സഹായം ആവശ്യപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി പോലീസ് ആസ്ഥാനത്തെ പോലീസ് കൺട്രോൾറൂമിൽ 112 എന്ന നമ്പറിൽ ഏത് സമയവും ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക് ഡൌൺ സമയത്ത് ആശുപത്രിയിൽ പോകാതെ തന്നെ ചികിത്സ തേടാനുള്ള പോലീസിന്റെ ടെലി മെഡിസിൻ ആപ്പായ ബ്ലൂടെലിമെഡിസിന്റെ സേവനം പോലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും പരമാവധി വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബ്ലൂടെലിമെഡിസിന്റെ സേവനം പൊതുജനങ്ങൾക്ക് കൂടി ലഭ്യമാക്കാൻ നിർദേശം നൽകി. ആശുപത്രികളിൽ പോകാതെ തന്നെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനം ഈ ആപ്പ് മുഖേന ലഭിക്കും.
കോവിഡിന് മാത്രമല്ല മറ്റ് അസുഖങ്ങൾക്കും ഇത് ഉപയോഗിക്കാം. ആപ്പിലെ ഡോക്ടർമാരുടെ പട്ടികയിൽ നിന്ന് ആവശ്യമുള്ളവരെ തിരഞ്ഞെടുപ്പ് ബന്ധപ്പെടാം. വീഡിയോ മുഖേന ഡോക്ടർ രോഗിയെ പരിശോധച്ച് ഇ-മരുന്ന് കുറിപ്പടി നൽകും. തുടർ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന പക്ഷം ആപ്പിൽ നിന്ന് ലഭിക്കുന്ന ഇ-പാസ് പോലീസ് പരിശോധന സമയം കാണിച്ച് യാത്ര തുടരാം.