Year: 2021
- News
മുവാറ്റുപുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം
കൊച്ചി : മുവാറ്റുപുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. തൊടുപുഴ പുറപ്പുഴ സ്വദേശികളായ ആദിത്യന്‍, വിഷ്ണു, അരുണ്‍ ബാബു എന്നിവരാണ് മരിച്ചത്. തൃക്കളത്തൂർ കാവുംപടിക്ക് സമീപമാണ് അപകടം ഉണ്ടായത്. തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്.കാറിലുണ്ടായിരുന്ന യുവാക്കളാണ് അപകടത്തില്‍ മരിച്ചത്. കാറിലുണ്ടായിരുന്ന ഒരാളെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » - News
മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പരസ്യ വിചാരണ ചെയ്ത ഉദ്യോഗസ്ഥയ്ക്ക് നല്ലനടപ്പ് പരിശീലനം
തിരുവനന്തപുരം : ആറ്റിങ്ങലിൽ മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പരസ്യമായി വിചാരണ ചെയ്ത സംഭവത്തില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥയെ പിങ്ക് പോലീസ് പട്രോളില്‍ നിന്ന് മാറ്റി. നല്ല നടപ്പ് പരിശീലനത്തിനായി കൊല്ലം സിറ്റിയിലാണ് നിയമനം നൽകിയത്. രജിത എന്ന പോലീസ് ഉദ്യോഗസ്ഥ 15 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്‍റെ നിര്‍ദേശപ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി അന്വേഷിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കുറ്റം ആരോപിക്കപ്പെട്ട വ്യക്തി തെറ്റ് ചെയ്തില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ അദ്ദേഹത്തോട് ക്ഷമ ചോദിക്കണമായിരുന്നുവെന്നും അത് സംഭവിച്ചില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് തോന്നയ്ക്കല്‍ സ്വദേശി ജചന്ദ്രനേയും മൂന്നാം ക്ലാസുകാരി മകളെയും രജിത പരസ്യമായി വിചാരണ ചെയ്തത്. പിങ്ക് പൊലീസ് വാഹനത്തിനുള്ളിലിരുന്ന തന്റെ മൊബൈല്‍ ഫോണ്‍ ജയചന്ദ്രന്‍ മോഷ്ടിച്ചെടുത്ത് മകള്‍ക്ക് കൈമാറിയെന്നാരോപിച്ചായിരുന്നു രജിത ഇവരെ ചോദ്യം ചെയ്തത്. സ്റ്റേഷനില്‍ കൊണ്ടുപോയി അച്ഛന്റേയും മകളുടേയും ദേഹം പരിശോധന നടത്തുമെന്നും രജിത പറഞ്ഞിരുന്നു. കുട്ടികളെയും കൊണ്ട് മോഷ്ടിക്കാനിറങ്ങുന്നത് ഇവനൊക്കെ പതിവാണെന്നും രജിത ആരോപിച്ചിരുന്നു. ഫോണ്‍ എടുത്തില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും രജിത പിന്മാറാന്‍ തയാറായില്ല. ഒടുവില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിത പൊലീസ് ഉദ്യോഗസ്ഥ പിങ്ക് പൊലീസ് വാഹനത്തിലുണ്ടായിരുന്ന രജിതയിടെ ബാഗ് പരിശോധിച്ചപ്പോള്‍ സൈലന്റിലാക്കിയ നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഫോണ്‍ സ്വന്തം ബാഗില്‍ നിന്ന് കിട്ടിയശേഷവും രജിത അച്ഛനോടും മകളോടും മോശമായാണ് പെരുമാറിയത്. സംഭവം മൊബൈലില്‍ പകര്‍ത്തിയ ആള്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.
Read More » - Politics
താനും സുധാകരനും മൂലക്കിരുന്ന് എഴുതിയുണ്ടാക്കിയ പട്ടികയല്ല: സതീശൻ
കൊച്ചി : ഡി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടുള്ള ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പരസ്യ പ്രതികരണങ്ങളില്‍ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാന്‍ ആണെങ്കില്‍ പിന്നെ താന്‍ ഈ സ്ഥാനത്ത് എന്തിനാണെന്നും 14 ഡി.സി.സി അധ്യക്ഷന്മാരെയും പ്രഖ്യാപിച്ചതില്‍ എനിക്കും സുധാകരനും പൂര്‍ണമായ ഉത്തരവാദിത്വം ഉണ്ട്ന്നും അനാവശ്യമായ ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി. താനും സുധാകരനും മൂലക്കിരുന്ന് എഴുതിയുണ്ടാക്കിയ പട്ടികയല്ല പുറത്ത് വന്നത്. ഇത്രയും വേഗത്തില്‍ ലിസ്റ്റ് പ്രഖ്യാപിച്ച കാലം ഉണ്ടായിട്ടില്ല. ചര്‍ച്ച നടന്നില്ല എന്ന ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാദം തെറ്റാണ്. താഴെത്തട്ടില്‍ വരെ മാറി മാറി ചര്‍ച്ച നടത്തി. ഡിസിസി ലിസ്റ്റില്‍ ആരും പെട്ടിതൂക്കികള്‍ അല്ല. എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരു പട്ടിക ഉണ്ടാക്കാന്‍ ആകില്ല. അത്തരം വിമര്‍ശനങ്ങള്‍ അംഗീകരിക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. പുതിയ നേതൃത്വത്തെ ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തുമ്പോള്‍ പുതിയ നേതൃത്വം തീരുമാനിക്കട്ടെയെന്നാണ് അന്നൊക്കെ കെ കരുണാകരനും എകെ ആന്റണിയും പറഞ്ഞത്. അദ്ദേഹം ഇത്തവണയും അത് തന്നെയാണ് പറയുന്നത്. ഞങ്ങള്‍ വരുമ്പോള്‍ മാറ്റങ്ങള്‍ ഉണ്ടാവും, സാമ്ബ്രദായിക രീതിയില്‍ മാറ്റം വരും. കഴിഞ്ഞ 18 വര്‍ഷമായി ചെയ്ത രീതിയില്‍ നിന്നും മാറ്റം വന്നിട്ടുണ്ട്. താഴേത്തട്ടിലേക്ക് ചര്‍ച്ച പോയിട്ടുണ്ട്. എല്ലാവരേയും തൃപ്തിപ്പെടുത്തി ലിസ്റ്റ് ഇറക്കാന്‍ പറ്റുമോ. ജനാധിപത്യ രീതിയിലാണ് പട്ടിക തയ്യാറാക്കിയതെന്നും വിഡി സതീശന്‍ വ്യക്തമാക്കി. പട്ടിക വൈകുന്നു എന്ന് ഒരു ഭാഗത്തു പറയുക, മറ്റൊരു ഭാഗത്തു ഇത് നീട്ടികൊണ്ട് പോകുക അത് ശരിയല്ല. നമ്മള്‍ ഏത് ലിസ്റ്റ് പുറത്ത് വിട്ടാലും പൂര്‍ണ്ണതയുള്ള ലിസ്റ്റ് ആഗ്രഹിക്കും. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ അധ്യക്ഷന്മാരെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇത്രയും ചര്‍ച്ച നടത്തിയ കാലം ഉണ്ടായിട്ടില്ല. പലകാര്യങ്ങളും പരിഗണിച്ചുകൊണ്ടാണല്ലോ ലിസ്റ്റ് പുറത്ത് വിടുന്നത്. അനാവശ്യ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല. യുഡിഎഫിനെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം ആണെന്നും വി.ഡി സതീശന്‍ കൊച്ചിയില്‍ പറഞ്ഞു.
Read More » - Politics
ഡി.സി.സി അധ്യക്ഷ പട്ടിക: ചര്‍ച്ച നടത്തിയില്ലെന്ന് പറയുന്നത് വാസ്തവ വിരുദ്ധമെന്ന് സുധാകരൻ
ന്യൂഡല്‍ഹി : ഡിസിസി പ്രസിഡന്റ് പട്ടികയുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തിയ അഭിപ്രായങ്ങളെ തളളി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഉമ്മന്‍ ചാണ്ടിയെപ്പോലൊരാള്‍ അങ്ങനെ പറഞ്ഞതില്‍ മനോവിഷമം ഉണ്ട്. അദ്ദേഹം അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ഉമ്മന്‍ ചാണ്ടി പറയുന്നത് നിഷേധിക്കേണ്ടി വന്നതില്‍ വളരെ പ്രയാമുണ്ടന്നും സുധാകരൻ പറഞ്ഞു. ഡി.സി.സി അധ്യക്ഷ പട്ടിക സംബന്ധിച്ച് ചര്‍ച്ച നടത്തിയില്ലെന്ന് പറയുന്നത് അസത്യവും വാസ്തവ വിരുദ്ധവുമാണ്. ഞാനും ഉമ്മന്‍ ചാണ്ടിയും രണ്ടു തവണ ചര്‍ച്ച നടത്തി. രണ്ടു തവണ ചര്‍ച്ച നടത്തിയപ്പോഴും ഉമ്മന്‍ ചാണ്ടി സ്വന്തം ആളുകളുടെ പ്രൊപ്പോസല്‍ പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി പറഞ്ഞവരില്‍ പലരും പട്ടികയില്‍ വന്നിട്ടുമുണ്ട്. രമേശ് ചെന്നിത്തലയുമായി രണ്ടു തവണ സംസാരിച്ചിട്ടുണ്ട്. ഓരോ ജില്ലയെക്കുറിച്ചും രമേശുമായി സംസാരിച്ചിട്ടുണ്ടന്നും കെ. സുധാകരന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. അവരുടെ അഭിപ്രായം എഴുതിയ ഡയറിക്കുറിപ്പും സുധാകരന്‍ ഉയര്‍ത്തിക്കാട്ടി. ഏറെനാള്‍ രണ്ടുപേര്‍ ചേര്‍ന്ന് കാര്യങ്ങള്‍ നിശ്ചയിച്ചു. അതില്‍ നിന്നും മാറിയ ഒരു സംവിധാനമുണ്ടാകുമ്പോള്‍ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ സ്വാഭാവികമല്ലേയെന്നും, ഇവര്‍ കൈകാര്യം ചെയ്ത കാലഘട്ടങ്ങളില്‍ എത്ര ചര്‍ച്ച നടത്തിയിട്ടാണ് ഭാരവാഹിപ്പട്ടികയും സ്ഥാനാര്‍ഥിപ്പട്ടികയും ഉണ്ടാക്കിയിട്ടുള്ളതെന്നും കെ.സുധാകരന്‍ ചോദിച്ചു. താന്‍ നാല് വര്‍ഷം കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായിരുന്നു. അന്ന് പാര്‍ട്ടിയില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഇരുവരും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ചര്‍ച്ച നടത്തി വീതം വയ്‌ക്കുകയായിരുന്നു പതിവെന്നും കെ.സുധാകരന്‍ തുറന്നടിച്ചു. പാര്‍ട്ടിയില്‍ രണ്ടുപേര്‍ക്കെതിരെ നടപടിയെടുത്തു. പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ മാര്‍ഗമില്ലെങ്കില്‍ നടപടിയെടുക്കണ്ടേയെന്ന് കെ.സുധാകരന്‍ ചോദിച്ചു. വ്യക്തതയില്ലാത്ത കാര്യത്തിനാണ് വിശദീകരണം ചോദിക്കുക. ഇവിടെ കാര്യങ്ങള്‍ വ്യക്തമല്ലേയെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
Read More » - Politics
ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഡിസിസി പ്രസിഡന്റുമാരെ തീരുമാനിച്ചതെന്ന് കെ മുരളീധരന്‍
തിരുവനനന്തപുരം : ഡിസിസി പ്രസിഡന്റ് പട്ടികയില്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടന്നില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാദം തള്ളി കെ മുരളീധരന്‍. ഫലപ്രദമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഡിസിസി പ്രസിഡന്റുമാരെ തീരുമാനിച്ചതെന്ന് കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡിസിസി അധ്യക്ഷന്മാരായി തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം യോഗ്യരാണെന്നും എല്ലാകാലത്തും ഉദ്ദേശിച്ച പോലെ പട്ടിക പുറത്ത് വരാറില്ലെന്നും ഇത്തവണ വിശാലമായ ചര്‍ച്ചകള്‍ ഉണ്ടായെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പണ്ടെല്ലാം പത്രങ്ങള്‍ നോക്കിയാണ് ഞാൻ പലതും അറിയാറ്. ഇത്തവണ സീനീയര്‍ നേതാക്കളുടെ ഉള്‍പ്പെടെ എല്ലാവരുടെയും അഭിപ്രായം നേതൃത്വം ആരാഞ്ഞു. ഓരോ ജില്ലയുടെയും കാര്യത്തില്‍ പ്രത്യേകം ചര്‍ച്ചകള്‍ നടന്നു. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി. ഇത്തവണത്തെ ഡിസിസി പ്രസിഡന്റുമാര്‍ എല്ലാം യോഗ്യതയുള്ളവരാണ്. ചെറുപ്പക്കാരും സീനിയേഴ്‌സും അടങ്ങുന്നതാണ് 14 ജില്ലയുടെയും ഡിസിസി പ്രസിഡന്റുമാര്‍. ഇന്നത്തെ സാഹചര്യത്തില്‍ മെച്ചപ്പെട്ട പട്ടികയാണിത്. സീനിയേഴ്‌സിനെ വെച്ചു എന്നാണ് ചിലരുടെ ആക്ഷേപം. സീനിയേഴ്‌സ് എന്നാല്‍ എഴുന്നേറ്റ് നടക്കാന്‍ കഴിയാത്തവര്‍ എന്നല്ല അര്‍ത്ഥം. അവര്‍ വൃദ്ധ സദനത്തിലെ അംഗങ്ങള്‍ അല്ല. എല്ലാവരും കഴിവുള്ളവരാണെന്നും മുരളീധരന്‍ പറഞ്ഞു. ഡിസിസി അധ്യക്ഷന്മാരില്‍ മഹാഭൂരിഭാഗം പേരും മുന്‍ എംഎല്‍എമാരും പ്രാദേശിക തെരഞ്ഞെടുപ്പില്‍ വിജയിച്ച് വന്നവരും തദ്ദേശ തെരഞ്ഞെടുപ്പിന്റെ തലപ്പത്തിരുന്നവരുമാണ്. ജനകീയമായിട്ടുള്ള മുഖമാണ് പുന സംഘടനയിലൂടെ കോണ്‍ഗ്രസിനുണ്ടിയിട്ടുള്ളത്. ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതില്‍ ഗ്രൂപ്പ് ഒരു യോഗ്യതയോ യോഗ്യത ഇല്ലായ്മയോ അല്ല, മുതിര്‍ന്ന നേതാക്കളും ചെറുപ്പക്കാരും പട്ടികയില്‍ ഉണ്ട്. ഓരോരോ ജില്ലയുടെ കാര്യങ്ങളും സം രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അടക്കമുള്ള നേതാക്കളുമായി രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ സംസാരിച്ചിരുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു. കെ ശിവദാസന്‍ നായര്‍ക്കും കെപി അനില്‍കുമാറിനും എതിരെ എടുത്ത നടപടി അന്തിമമല്ലെന്നും അവര്‍ക്കൊക്കെ തിരുത്തി തിരിച്ചുവരാവുന്നതാണെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്നതാണ് അന്തിമലക്ഷ്യം. 2016 ലും 21 ലും പാര്‍ട്ടി പരാജയപ്പെട്ടു. ഇനിയുള്ള തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് നിന്ന് വിജയിക്കുകയെന്നതാണ് കോണ്‍ഗ്രസിന് മുന്നിലെ വെല്ലുവിളി. ഒരു പൊട്ടിതെറിയുണ്ടാവുമെന്ന് കരുതുന്നില്ല. ചില്ലറ അസ്വാരസ്യങ്ങളെക്കെ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Read More »