News
വിദേശ പൗരനെ പോലീസ് അപമാനിച്ച സംഭവം: കൂടുതൽ പേർക്കെതിരെ നടപടി
തിരുവനന്തപുരം : കോവളത്ത് വിദേശ പൗരൻ വാങ്ങിയ മദ്യം പോലീസ് ഒഴിച്ചു കളയിച്ച സംഭവത്തിൽ കൂടുതൽ പോലീസുകാർക്കെതിരേ നടപടിക്ക് സാധ്യത. എസ്ഐ അടക്കം മൂന്ന് പോലീസുകാർക്കെതിരേ വകുപ്പുതല അന്വേഷണത്തിന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ നിർദേശം നൽകി. സംഭവത്തിൽ കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് കൂടുതൽ പോലീസുകാർക്കെതിരേ നടപടി.
സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ, സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി. സ്റ്റീഫൻ ആസ്ബെർഗിനെ തടഞ്ഞ് മദ്യത്തിന്റെ ബില്ലാവശ്യപ്പെട്ട പോലീസ് സംഘത്തിലെ മൂന്ന് പേർക്കെതിരേയാണ് വകുപ്പുതല അന്വേഷണത്തിന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ജി.സ്പർജൻ കുമാർ നിർദേശം നൽകിയത്.