എന്‍എസ്എസിനോട് സർക്കാർ വിവേചനം കാട്ടുന്നുവെന്ന് സുകുമാരൻ നായർ
കോട്ടയം : എന്‍എസ്എസിനോട് സംസ്ഥാന സർക്കാർ വിവേചനം കാണിക്കുന്നുവെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മന്നം ജയന്തി ദിനം പൊതു അവധിയായി പ്രഖ്യാപിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചായിരുന്നു സുകുമാരന്‍ നായരുടെ വിമര്‍ശനം. നിലവിലുള്ളത് നിയന്ത്രിത അവധി മാത്രമാണ്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുടന്തന്‍ ന്യായം പറയുകയാണെന്നും എന്‍എസ്എസ് വിമര്‍ശിച്ചു.
എല്ലാ രാഷ്ട്രീയപാര്ട്ടകളേയും ഒരുപോലെ കാണുന്ന സംഘടനയാണ് എന്‍എസ്എസ്. എല്ലാ സര്‍ക്കാരുകളുടേയും തെറ്റുകളെ വിമര്‍ശിക്കുകയും നല്ലതിനെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. എന്‍എസ്എസിനെ അവഗണിക്കുന്നവര്‍ ചിലയിടങ്ങളില്‍ നവോത്ഥാന നായകനായ മന്നത്തിനേയും അവഗണിക്കുന്നുവെന്ന് സുകുമാരന്‍ നായര്‍ ചൂണ്ടിക്കാണിച്ചു.
സ്വന്തം സമുദായത്തിന്റെ പുരോഗതിയിലൂടെ സമൂഹത്തിനും രാജ്യത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച കര്‍മ്മ യോഗിയാണ് മന്നത്ത് പത്മനാഭന്. അദ്ദേഹം തുറന്നുതന്ന പാതയിലൂടെ സഞ്ചരിച്ച് സമൂഹസേവ ചെയ്യുന്ന ഒരു സമുദായമാണ് നായര്‍ സമുദായം. മതേതര സംഘടനയായി ഉയര്‍ന്നുവന്നതാണ് എന്‍എസ്എസ്. സര്‍ക്കാരിനും ചില പാര്‍ട്ടികള്‍ക്കും തങ്ങളോട് ചില കാര്യങ്ങളില്‍ തെറ്റായ സമീപനമുണ്ടെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. എന്‍എസ്എസിനോടുളള സമീപനം സര്‍ക്കാര്‍ തിരുത്തുന്നില്ലെങ്കില്‍ അത് ജനം തിരിച്ചറിയുമെന്നും 145-ആം മന്നം ജയന്തിയില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സുകുമാരന്‍ നായര്‍ പറഞ്ഞു.