News
ട്രെയിനില്‍ യാത്ര ചെയ്തയാള ചവിട്ടിയ സംഭവം: എ.എസ്.ഐയെ സസ്പെന്റ് ചെയ്തു
തിരുവനന്തപുരം : ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്തയാള ചവിട്ടിയ സംഭവത്തില്‍ എ.എസ്.ഐ എം.സി പ്രമോദിനെ സസ്പെന്‍ഡ് ചെയ്തു. ഇന്റലിജന്‍സ് എഡിജിപിയാണ് പ്രമോദിനെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. യാത്രക്കാരനോട് എ.എസ്.ഐ അതിക്രൂരമായി പെരുമാറിയെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് നടപടി. പാലക്കാട് റെയില്‍വേ ഡിവൈഎസ്പിയും കണ്ണൂര്‍ സ്പെഷല്‍ ബ്രാഞ്ച് എസിപിയും നടത്തിയ അന്വേഷണങ്ങളില്‍ ഉദ്യോഗസ്ഥന്‍ മനുഷ്യത്വരഹിതമായി പെരുമാറിയെന്നാണ് കണ്ടെത്തിയിരുന്നു.
ഇന്നലെ രാത്രിയാണ് മാവേലി എക്സ്പ്രസില്‍ ടിക്കറ്റില്ലാതെ കയറിയെന്നാരോപിച്ച് യാത്രക്കാരനെ എഎസ്‌ഐ മര്‍ദിച്ച് നിലത്തിട്ട് ബൂട്ടുകൊണ്ട് ചവിട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്‌സ്പ്രസ് ഇന്നലെ രാത്രി തലശ്ശേരി പിന്നിട്ടപ്പോഴാണ് സംഭവം.വൈകിട്ട് മാഹിയില്‍ നിന്നാണ് യാത്രക്കാരന്‍ ട്രെയിനില്‍ കയറിയത്. ഇയാള്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയും യാത്രക്കാരോട് മോശമായി പെരുമാറിയെന്നുമാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് യാത്രക്കാര്‍ വിവരം ടിടിയെ അറിച്ചു. എട്ട് മണിയോടെ മാവേലി എക്സ്പ്രസ് തലശ്ശേരി സ്റ്റേഷന്‍ പിന്നിട്ടപ്പോള്‍ കണ്ണൂര്‍ റെയില്‍വേ പൊലീസ് സ്റ്റേഷന്‍ എഎസ്ഐ പ്രമോദ് ഒരു സിപിഒയ്ക്ക് ഒപ്പം എസ് ടു കമ്ബാര്‍ട്ട്മെന്റിലെത്തി. എഎസ്ഐ ടിക്കറ്റില്ലാതെ യാത്ര ചെയ്ത ആളെ സംസാരിക്കാന്‍ പോലും അവസരം നല്‍കാതെ വലിച്ചിഴച്ച് കോച്ചിന്റെ മൂലയിലിട്ട് അതി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ നിലത്ത് വീണുപോയ ആളെ എഎസ്‌ഐ വീണ്ടും ബൂട്ടുകൊണ്ട് ചവിട്ടി. ട്രെയിനിലെ ഒരു യാത്രക്കാരനാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.