News
ബിനോയിക്കെതിരായ പീഡന കേസ്: ഡിഎന്‍എ ഫലം പുറത്തുവിടണമെന്ന അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
മുംബൈ : ബിനോയ് കോടിയേരിക്കെതിരെ ബീഹാർ സ്വദേശിനിയായ യുവതി നൽകിയ പീഡന കേസില്‍ ബിനോയിയുടെ ഡിഎന്‍എ ഫലം പുറത്തുവിടണമെന്ന യുവതിയുടെ അപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോവരുതെന്നും ഫലം പുറത്ത് വരുന്നതോടെ സത്യം തെളിയിക്കപ്പെടും എന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം മൂന്നാം തീയതിയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡന പരാതി തള്ളണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് രണ്ടര വര്‍ഷം മുന്‍പ് ബോബെ ഹൈക്കോടതി ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടത്. 2019 ജൂലൈയില്‍ ടെസ്റ്റ് നടത്തിയെങ്കിലും 17മാസത്തിന് ശേഷം 2020 ഡിസംബറിലാണ് ഫലം ലഭിച്ചത്. സീല്‍ ചെയ്ത കവറില്‍ അത് കോടതിയ്ക്ക് കൈമാറുകയായിരുന്നു. ഈ ഫലം പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
2019 ജൂണ്‍ 13നാണ് ബിഹാര്‍ സ്വദേശിനിയായ യുവതി ബിനോയിക്കെതിരെ പീഡന പരാതി നല്‍കിയത്. ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചന്നാണ് യുവതിയുടെ പരാതി. ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ട് വയസുള്ള കുട്ടിയുണ്ടെന്നും പരാതിയില്‍ യുവതി പറയുന്നു.