News

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ എഎസ്‌ഐ അറസ്റ്റിൽ

തൃശൂര്‍: മദ്യ ലഹരിയില്‍ കാറോടിച്ച്‌ ബൈക്ക് യാത്രക്കാരായ ദമ്പതികളെ ഇടിച്ചു തെറിപ്പിച്ച്‌ നിര്‍ത്താതെ പോയ സംഭവത്തില്‍ എഎസ്‌ഐയും സുഹൃത്തുക്കളും അറസ്റ്റില്‍. മലപ്പുറം പൊലീസ് ക്യാമ്പിലെ എഎസ്‌ഐയായ പ്രശാന്തും സുഹൃത്തുക്കളുമാണ് പിടിയിലായത്. തൃശൂര്‍ കണ്ണാറയില്‍ ഇന്നലെ രാത്രിയാണ് സംഭവം.

സുഹൃത്തിന്റെ വീട്ടില്‍ പിറന്നാള്‍ ആഘോഷത്തിനായി പോയതായിരുന്നു എഎസ്‌ഐയും സുഹൃത്തുക്കളും. അവിടെ നിന്ന് മടങ്ങുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചത്. ബൈക്കില്‍ സഞ്ചരിച്ച ദമ്പതികള്‍ക്ക് അപകടത്തില്‍ സാരമായ പരിക്കേറ്റു. ദമ്പതികളെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.

ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയി. പട്ടികാട് വച്ചാണ് എഎസ്‌ഐയേയും സംഘത്തേയും നാട്ടുകാര്‍ പിടികൂടിയത്. ഇടിയുടെ ആഘാതത്തില്‍ കാറിന് കാര്യമായ തകരാറുകള്‍ സംഭവച്ചിരുന്നു. വാഹനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥ വന്നതോടെയാണ് നാട്ടുകാര്‍ ഇവരെ പിടികൂടിയത്. ഇവരെ തടഞ്ഞു വച്ച ശേഷം നാട്ടുകാര്‍ പൊലീസിനെ വിവരമിറിയിച്ചു. പിന്നാലെ സിറ്റി പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

എഎസ്‌ഐ പ്രശാന്താണ് മദ്യപിച്ച്‌ വണ്ടിയോടിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പിന്നാലെ പ്രശാന്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രശാന്തിനൊപ്പം മൂന്ന് സുഹൃത്തുക്കളുടേയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മദ്യപിച്ച്‌ വാഹനമോടിച്ചതിനും വാഹനാപകടം ഉണ്ടാക്കിയതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button