News
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീ പിടിച്ചു
കണ്ണൂര്‍ : കണ്ണൂര്‍ ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീ പിടിച്ചു. കണ്ണൂര്‍ പൊടിക്കുണ്ടില്‍ സെന്‍ട്രല്‍ ജയിലിനടുത്ത് രാവിലെ പത്തോടെയാണ് ബസിന് തീപിടിക്കുന്നത്. അഞ്ചാംപീടിക – കണ്ണൂര്‍ റൂട്ടിലോടുന്ന മായാസ് എന്ന സ്വകാര്യ ബസ്സിലാണ് തീപിടിച്ചത്. പുക ഉയര്‍ന്നതോടെ യാത്രക്കാരും ബസ് ഡ്രൈവറും കണ്ടക്ടറും അടക്കമുള്ളവര്‍ ബസ് നിര്‍ത്തി ഇറങ്ങിയോടി.
പിന്നീട് നിന്ന് കത്തിയ ബസ്സ് അഞ്ച് മിനിറ്റിനകം പൂര്‍ണമായും കത്തി നശിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടനെത്തിയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ബസ്സില്‍ നിന്ന് മറ്റ് വാഹനങ്ങളിലേക്കോ കെട്ടിടങ്ങളിലേക്കോ തീ പടരാതെ ഉടന്‍ തീയണച്ചു. ഡീസല്‍ ടാങ്കിന് തീ പിടിക്കാതെ ശ്രദ്ധിച്ച ഫയര്‍ഫോഴ്സും നാട്ടുകാരും ഒരു വലിയ പൊട്ടിത്തെറിയാണ് ഒഴിവാക്കിയത്. 50-ല്‍ അധികം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. ബസ് പൂര്‍ണമായും തീ പിടിക്കുന്നതിന് മുമ്പ് യാത്രക്കാരെ പെട്ടന്ന് പുറത്തിറക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി.
ഡ്രൈവറുടെ സീറ്റിന്റെ സൈഡില്‍ നിന്ന് തീപ്പൊരി ഉയരുന്നതാണ് ആദ്യം ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ശക്തമായ പുക ഉയര്‍ന്നതോടെ ബസ് ജീവനക്കാര്‍ യത്രക്കാരെ പുറത്തിറക്കി. യാത്രക്കാര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ബസ് പൂര്‍ണമായും ആളിക്കത്തി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു.