Top Stories
യുദ്ധം ചെയ്യാനുള്ള കെല്‍പ്പ് കോണ്‍ഗ്രസിനില്ല: കോടിയേരി
കണ്ണൂര്‍: കെ റെയിലിനായി സ്ഥാപിച്ച സര്‍വെ കല്ലുകള്‍ പിഴുതെറിയുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കെ റെയില്‍ തടയാന്‍ യുഡിഎഫിനാവില്ല. സര്‍വ്വേക്കല്ല് പിഴുതുമാറ്റിയാല്‍ കെറെയില്‍ ഇല്ലാതാക്കാനാവില്ലന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസിന്റേത് വീരസ്യം പറച്ചിലാണ്. യുദ്ധം ചെയ്യാനുള്ള കെല്പ്പൊന്നും കേരളത്തിലെ കോണ്‍ഗ്രസിനില്ല. കോണ്‍ഗ്രസുകാര്‍ മാത്രമാണ് സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും പദ്ധതിക്കനുകൂലമാണ്. ഇത്തരത്തില്‍ പദ്ധതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ ഒറ്റപ്പെടുമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
കെ റെയിലിനായി സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയുമെന്ന് കെ സുധാകരന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കെ റെയിലിലൂടെ ലഭിക്കുന്ന കമ്മീഷനിലാണ് പിണറായിയുടെ കണ്ണ്. അതുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വാശിപിടിക്കുന്നത്. സമരം ശക്തമാക്കുമെന്നും ഒരു കാരണവശാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന് കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞു.