പത്തനംതിട്ടയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി
പത്തനംതിട്ട : കോന്നിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി. കോന്നി പയ്യാനമണ്ണിൽ തെക്കിനേത്ത് വീട്ടിൽ സോണി(45) ഭാര്യ റീന(44) മകൻ റയാൻ(8) എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റീനയുടെയും റയാന്റെയും മൃതദേഹങ്ങൾ വെട്ടേറ്റനിലയിൽ കിടപ്പുമുറിയിലാണ് കിടന്നിരുന്നത്. മറ്റൊരു മുറിയിലായിരുന്നു സോണിയുടെ മൃതദേഹം. ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം സോണി ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസങ്ങളിൽ സോണിയെയും കുടുംബത്തെയും പുറത്തുകാണാത്തതിനാൽ ഒരു ബന്ധു ഞായറാഴ്ച രാവിലെ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴായിരുന്നു തുറന്നുകിടന്നിരുന്ന ജനാലയിലൂടെ മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്.
പ്രവാസിയായിരുന്ന സോണി സമീപകാലത്താണ് നാട്ടിലെത്തിയത്. ഇയാൾക്ക് സാമ്പത്തികബാധ്യതയുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. അടുത്തിടെ പരുമലയിലെ ആശുപത്രിയിൽ സോണി വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. ദമ്പതിമാർക്ക് കുട്ടികളില്ലാത്തതിനാൽ ഇവർ ദത്തെടുത്ത് വളർത്തിയിരുന്ന കുട്ടിയാണ് റയാൻ.