Top Stories
കെ റെയില്‍: കല്ലിടുന്നത് വിലക്കി ഹൈക്കോടതി
കൊച്ചി : കെ റെയില്‍ പദ്ധതിക്ക് അതിരടയാള കല്ലിടുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. സില്‍വര്‍ ലൈന്‍ പോലൊരു വലിയ പദ്ധതി ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല നടപ്പാക്കേണ്ടതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ശരിയായ സര്‍വേ നടത്താതെ 955 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടതുണ്ടെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തിയത് എന്ന് കോടതി ചോദിച്ചു. പദ്ധതി കടന്നു പോകുന്ന പ്രദേശങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ എങ്ങനെ കൃത്യമായി മനസിലായെന്നും ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചു.
പോര് വിളിച്ചല്ല പദ്ധതി നടപ്പാക്കേണ്ടത്. വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞ് സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കേന്ദ്ര നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ നിലപാടില്‍ വ്യക്തതയില്ല. കോടതിയെ ഇരുട്ടത്തു നിര്‍ത്തരുതെന്ന് കോടതി പറഞ്ഞു. കെ റെയിലിനെതിരായ ഹര്‍ജി ഈ മാസം 21 ലേക്ക് വിശദ വാദത്തിനായി മാറ്റി.