ബിഷപ്പ് ഫ്രാങ്കോ കുറ്റവിമുക്തൻ
കോട്ടയം : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് കേസിൽ വിധിപറഞ്ഞത്. 105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസിൽ വിധിവന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾപ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരുന്നത്.
കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2014 മുതൽ 2016 വരെയുടെ കാലയളവിൽ കന്യാസ്ത്രീ കുറുവിലങ്ങാട് മഠത്തിൽവെച്ച് പീഡനത്തിനിരയായെന്നായിരുന്നു ആരോപണം. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും കന്യാസ്ത്രീയുടെ പരാതിയിലുണ്ടായിരുന്നു.
2017 മാർച്ചിലാണ് പീഡനം സംബന്ധിച്ച് മദർ സുപ്പീരിയറിന് കന്യാസ്ത്രീ പരാതി നൽകിയത്. ജൂൺ 27-ന് അവർ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. പിറ്റേദിവസം തന്നെ പോലീസ് പരാതിയിൽ കേസെടുത്തു. വൈക്കം ഡിവൈ.എസ്.പി.യായിരുന്ന കെ.സുഭാഷിന് അന്വേഷണച്ചുമതല കൈമാറി.
പീഡനം സംബന്ധിച്ച് കന്യാസ്ത്രീ വാക്കാൽ പരാതി നൽകിയിരുന്നതായി പാലാ ബിഷപ്പ് മൊഴി നൽകി. കേസിൽനിന്ന് പിന്മാറാൻ രൂപത അധികാരികൾ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരനും പറഞ്ഞു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയും രേഖപ്പെടുത്തി. അന്വേഷണസംഘം ഡൽഹിയിലേക്കും ജലന്ധറിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
2018 സെപ്റ്റംബർ 21-ന് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി.പാലാ കോടതിയിൽ ഹാജരാക്കിയ ഫ്രാങ്കോയെ കോടതി റിമാൻഡ് ചെയ്തു. 5968-ാം നമ്പർ തടവുകാരനായി ഫ്രാങ്കോയെ പാലാ ജയിലിലടച്ചു. ബിഷപ്പിനെ കുറുവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിൽ ഫ്രാങ്കോ എല്ലാം നിഷേധിക്കുകയാണ് ചെയ്തത്. രണ്ടാഴ്ചയിലേറെ നീണ്ട ജയിൽവാസത്തിന് ശേഷം 2018 ഒക്ടോബർ 15-ന് ഹൈക്കോടതി ഫ്രാങ്കോയ്ക്ക് ജാമ്യവും അനുവദിച്ചു.
കേസിൽ ആകെ 83 സാക്ഷികളാണുള്ളത്. ഇതിൽ 39 വേരെ വിചാരണയ്ക്കിടെ വിസ്തരിച്ചിരുന്നു. കന്യാസ്ത്രീകളും വൈദികരും ബിഷപ്പുമാരും സാക്ഷിപ്പട്ടികയിലുണ്ടായിരുന്നു. ഫ്രാങ്കോയുടെ മൊബൈൽഫോൺ, ലാപ്ടോപ്പ് അടക്കുള്ളവ നിർണായക തെളിവായി കോടതിയിൽ ഹാജരാക്കുകയും ചെയ്തു.