കോടതിവിധി വിശ്വസിക്കാനാവുന്നില്ലെന്ന് സിസ്‌റ്റര്‍ അനുപമ
കോട്ടയം : കന്യസ്ത്രീയെ ബലാൽസഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ വെറുതെവിട്ട കോടതിവിധി വിശ്വസിക്കാനാവുന്നില്ലെന്ന് കുറവിലങ്ങാട് മഠത്തിലെ സിസ്‌റ്റര്‍ അനുപമ. ഇരയായ സിസ്റ്റര്‍ക്ക് നീതി കിട്ടുവരെ പോരാട്ടം തുടരുമെന്നും വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്നും സിസ്റ്റര്‍ അനുപമ അടക്കമുള്ളവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സിസ്റ്റര്‍ അനുപമയടക്കമുള്ള കന്യാസ്ത്രീകള്‍ വിതുമ്പിക്കൊണ്ടാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
പണവും സ്വാധീനവുമുള്ളവര്‍ക്ക് എല്ലാം നടക്കുമെന്നതാണ് വിധിയില്‍ നിന്ന് മനസിലാകുന്നത്. ഫ്രാങ്കോ മുളക്കലിന് പണവും സ്വാധീനവുമുണ്ട്. പൊലീസും പ്രോസിക്യൂഷനും ഞങ്ങള്‍ക്ക് ഒപ്പം നിന്നെങ്കിലും കോടതിയില്‍ നിന്നും നീതി ലഭിച്ചില്ല. അന്വേഷണ സംഘത്തില്‍ ഇന്നും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. എവിടെയാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്ന് അറിയില്ല. കേസില്‍ തീര്‍ച്ചയായും അപ്പീല്‍ പോകുമെന്നും മഠത്തില്‍ നിന്ന് തന്നെ പോരാട്ടം തുടരുമെന്നും കന്യാസ്ത്രീകള്‍ ആവര്‍ത്തിച്ചു. മഠത്തിനുള്ളിൽ തങ്ങൾ സുരക്ഷിതരല്ലെന്നും അവർ പ്രതികരിച്ചു.