എണ്ണ ശുദ്ധീകരണശാലയിൽ തീപ്പിടുത്തം: രണ്ട് ഇന്ത്യക്കാര്‍ മരിച്ചു
കുവൈത്ത് സിറ്റി : കുവൈത്തിലെ മിന അല്‍ അഹ്‍മദി എണ്ണ ശുദ്ധീകരണശാലയിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. വെള്ളിയാഴ്‍ചയായിരുന്നു അപകടം. പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ രണ്ട് ഇന്ത്യക്കാരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ അല്‍ ബാബ്‍തൈന്‍ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേര്‍ ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലാണ്. വലിയ പരിക്കുകളില്ലാത്ത രണ്ട് പേര്‍ കമ്പനിയുടെ ക്ലിനിക്കില്‍ തന്നെ ചികിത്സയില്‍ കഴിയുകയാണെന്നും ഇവരുടെ ആരോഗ്യ നില തൃപ്‍തികരമാണെന്നും അറിയിച്ചിട്ടുണ്ട്.
എണ്ണ ശുദ്ധീകരണശാലയിലെ വാതക ദ്രവീകരണ യൂണിറ്റിൽ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ വെള്ളിയാഴ്‍ച രാവിലെയാണ് തീപ്പിടുത്തമുണ്ടായത്. തീപ്പിടുത്തമുണ്ടായ യൂണിറ്റ് നിലവില്‍ ഉപയോഗിക്കാത്തതായിരുന്നതിനാല്‍ കമ്പനിയുടെ മറ്റ് പ്രവര്‍ത്തനങ്ങളെയോ എണ്ണ കയറ്റുമതിയെയോ തീപ്പിടുത്തം ബാധിച്ചിട്ടില്ല.