മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയി
തിരുവനന്തപുരം : ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയി. കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 4.40 ഓടെയാണ് മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് പോയത്. ഭാര്യ കമല, പേഴ്സണല്‍ അസിസ്റ്റന്റ് സുനീഷ് എന്നിവരും മുഖ്യമന്ത്രിയുടൊപ്പമുണ്ട്.
ഈ മാസം 29 നാണ് മുഖ്യമന്ത്രി തിരികെയെത്തുക. മുഖ്യമന്ത്രി അമേരിക്കയില്‍ കഴിയുന്ന സമയത്തെ ചുമതല മറ്റ് മന്ത്രിമാര്‍ക്ക് ആര്‍ക്കും നല്‍കിയിട്ടില്ല. ഓണ്‍ലൈനായി മന്ത്രിസഭാ യോഗവും കോവിഡ് അവലോകന യോഗവും മറ്റും ചേരാനാണ് തീരുമാനം. മുഖ്യമന്ത്രി അമേരിക്കയിലിരുന്ന് ഇ ഫയല്‍ സംവിധാനത്തിലൂടെ ഫയലുകള്‍ തീര്‍പ്പാക്കിയേക്കും.
വിദേശത്തേക്ക് പോകുന്നതിന് മുമ്പായി മുഖ്യമന്ത്രി ഇന്നലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ വിദേശത്തു പോകുന്നതിനു മുന്‍പ് സര്‍ക്കാരിന്റെ തലവനായ ഗവര്‍ണറോട് കാര്യങ്ങള്‍ വിശദീകരിക്കുന്ന കീഴ്വഴക്കമനുസരിച്ചാണ് നടപടി. ഫോൺ സംഭാഷണത്തിൽ ചാന്‍സലര്‍ പദവി ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. വിദേശ യാത്രയ്ക്ക് പോകുന്ന വിവരമറിയിച്ച് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിലും ചാന്‍സിലര്‍ പദവി ഏറ്റെടുക്കണമെന്ന അഭ്യര്‍ത്ഥന മുഖ്യമന്ത്രി നടത്തിയിട്ടുണ്ട്.