ബിന്ദുവിന് ലോകായുക്തയുടെ ക്ലീന്‍ ചിറ്റ്
തിരുവനന്തപുരം : കണ്ണൂര്‍ വിസി നിയമനം സംബന്ധിച്ച പരാതിയില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിന് ക്ലീന്‍ ചിറ്റ്. മന്ത്രിക്കെതിരായ പരാതി ലോകായുക്ത തള്ളി. നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി വഴിവിട്ട് ഇടപെട്ടിട്ടില്ല. മന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയെങ്കിലും സര്‍വകലാശാല ചാന്‍സലര്‍ എന്നനിലയില്‍ അത് തള്ളിക്കളയാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ടായിരുന്നു. അദ്ദേഹം അത് ചെയ്യാതെ മന്ത്രിയുടെ ശുപാര്‍ശ നടപ്പാക്കുകയാണ് ചെയ്തതെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി.
മന്ത്രി പറഞ്ഞത് വിസിയായി ഗോപിനാഥ് രവീന്ദ്രന് വീണ്ടും അവസരം നല്‍കുന്നത് നല്ലതായിരിക്കുമെന്നു മാത്രമാണ്. അത് ചാന്‍സലറായ ഗവര്‍ണര്‍ക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ഗവര്‍ണര്‍ ആണെന്നും ലോകായുക്ത വിധിയില്‍ പറയുന്നു. മന്ത്രി സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്നും വിധിയില്‍ ലോകായുക്ത വ്യക്തമാക്കി.
ബിന്ദുവിനെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ലോകായുക്തയ്ക്ക് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയാണ് തള്ളിയത്. വിസിയെ പുനര്‍നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ബിന്ദു ഗവര്‍ണര്‍ക്ക് കത്തുകള്‍ നല്‍കിയത് അഴിമതിയും അധികാര ദുര്‍വിനിയോഗവുമാണെന്ന് ചെന്നിത്തല ആരോപിച്ചു.
രാജ്ഭവനില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചതെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ലോകായുക്തയെ അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും മുന്‍കൈയെടുത്തതുകൊണ്ടാണ് ഗോപിനാഥ് രവീന്ദ്രന് പുനനിയമനം നല്‍കിയതെന്ന് ഇന്നലെ രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു.