അസമിലെ പിടികിട്ടാപ്പുള്ളി കേരളത്തിൽ പിടിയിൽ
മലപ്പുറം : അസമിലെ പിടികിട്ടാപ്പുള്ളി കേരളത്തിൽ പിടിയിൽ. അസം പോലീസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി സോനിത്പുർ സ്വദേശി അസ്മത് അലി, സഹായി അമീർ ഖുസ്മു എന്നിവരെയാണ് നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിച്ചു വരികയായിരുന്നു ഇവർ.
കാണ്ടാമൃഗത്തെയടക്കം നിരവധി മൃഗങ്ങളെ വേട്ടയാടിയ കേസുകളിൽ പ്രതിയാണ് ഇയാൾ. അസം പോലീസ് ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതോടെ ജോലി അന്വേഷിച്ചെത്തുന്ന തൊഴിലാളികൾക്കൊപ്പം ഇയാൾ കേരളത്തിലേക്ക് കടന്നു. തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം തന്നെ താമസമാക്കുകയും ചെയ്തു. ഇയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും അസം പോലീസിന് ലഭിക്കാതായതോടെ അന്വേഷണം വഴിമുട്ടി. തുടർന്ന് അസം പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിക്കുകയും പിടികൂടാൻ സഹായിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം ഇയാൾ ബന്ധുക്കളെ ഫോണിൽ വിളിച്ചതോടെയാണ് കേരളത്തിലുണ്ടെന്ന് മനസ്സിലായത്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളാ പോലീസിന്റെ സഹായം തേടി. തുടർന്ന് കേരള പോലീസ് നിലമ്പൂരിൽ നിന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. അസം പോലീസ് നിലമ്പൂരിലെത്തിയിട്ടുണ്ട്. വൈകാതെ തന്നെ ഇയാളെ അസമിലെത്തിക്കുമെന്നാണ് വിവരം.