News
കോട്ടയം പ്രദീപ് അന്തരിച്ചു
കോട്ടയം : പ്രശസ്ത നടന് കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോട്ടയം കുമാരനല്ലൂര്‍ സ്വദേശിയായ പ്രദീപ് പത്താം വയസ്സില്‍ എന്‍ എന്‍ പിള്ളയുടെ “ഈശ്വരന് അറസ്റ്റില്‍” എന്ന നാടകത്തില്‍ ബാലതാരമായി അഭിനയിച്ചാണ് കലാജീവിതം തുടങ്ങിയത്. 1999 ല്‍ ഐ.വി. ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയിലൂടെയാണ് കോട്ടയം പ്രദീപ് ആദ്യം സിനിമാ ക്യാമറയ്ക്ക് മുന്നില്‍ വരുന്നത്. വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കൻ സെൽഫി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, തോപ്പിൽ ജോപ്പൻ, കുഞ്ഞിരാമായണം തുടങ്ങിയവ പ്രധാന ചിത്രങ്ങളായിരുന്നു.