Top Stories

കെ.പി.എ.സി ലളിത അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത നടി കെ.പി.എ.സി ലളിത അന്തരിച്ചു.  74 വയസായിരുന്നു. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 മാര്‍ച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു.ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സിയില്‍ ചേര്‍ന്നു. അന്ന് ലളിത എന്ന പേര്‍ സ്വീകരിക്കുകയും പിന്നീട് സിനിമയില്‍ വന്നപ്പോള്‍ കെ. പി. എ. സി എന്നത് പേരിനോട് ചേരുകയും ചെയ്തു.

തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് കെപിഎസി ലളിത ചലച്ചിത്ര രംഗത്ത് എത്തിയത്. പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ കഥ, സ്വയംവരം, കോട്ടയം കുഞ്ഞച്ചൻ, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, ഗോഡ്ഫാദർ, മണിച്ചിത്രത്താഴ്,  തുടങ്ങി സത്യനും നസീറും മുതൽ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ളവരുടെ ഒപ്പം  സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ അറുന്നൂറിൽ അധികം സിനിമയില്‍ നിറഞ്ഞാടി.

മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം രണ്ടുതവണ കരസ്ഥമാക്കി. ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്‌കാരം. നീല പൊന്‍മാന്‍, ആരവം, അമരം, കടിഞ്ഞൂല്‍കല്യാണം- ഗോഡ്ഫാദര്‍-സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നാലുതവണ സംസ്ഥാന പുരസ്‌കാരവും നേടി.

1978-ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായി.  സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍, ശ്രീക്കുട്ടി എന്നിവരാണ് മക്കള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button