രാജ്യത്ത് 24 മണിക്കൂറിനിടെ 3,900 കോവിഡ് കേസുകൾ
ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 3,900 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 195 പേരുടെ മരണവും ഒറ്റ ദിവസമുണ്ടായി. രാജ്യത്ത് ഇതുവരെ ഉണ്ടായതിൽ ഏറ്റവും ഉയർന്ന കോവിഡ് രോഗബാധയും മരണനിരക്കുമാണ് ഇന്ന്(ചൊവ്വാഴ്ച) രേഖപ്പെടുത്തിയത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 46,433 ആയി. 12,726 പേർ ഇതുവരെ രോഗമുക്തി നേടി. 32,138 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. രാജ്യത്തെ കോവിഡ് 19 രോഗമുക്തി നിരക്ക് 27.41 ശതമാനമായി. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാളാണ് ഇക്കാര്യം അറിയിച്ചത്.
ചില സംസ്ഥാനങ്ങൾ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ യഥാസമയത്ത് നൽകുന്നില്ലെന്നും രണ്ടോ മൂന്നോ ദിവസത്തെ കണക്കുകൾ ഒരുമിച്ച് വരുമ്പോഴാണ് രോഗബാധയുടെയും മരണസംഖ്യയുടെയും കാര്യത്തിൽ ഉയർന്ന നിരക്ക് ഉണ്ടാവുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.
കേന്ദ്രസേനകളിൽ കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നു. 45 ഐടിബിപി പോലീസുകാർക്ക് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 43 പേർ ഡൽഹിയിൽ സുരക്ഷാ ജോലിയിൽ ഏർപ്പെട്ടിരുന്നവരാണ്. രണ്ടു പേർ ഡൽഹി പോലീസിനൊപ്പം ക്രമസമാധാനപാലനത്തിൽ ഉണ്ടായിരുന്നവരുമാണ്. ഗ്രേറ്റർ നോയ്ഡയിലെ ഐടിബിപി റഫറൽ ആശുപത്രിയിൽ ഐടിബിപി, ബിഎസ്എഫ്, സിഐഎസ്എഫ് എന്നിങ്ങനെ വിവിധ അർധസൈനിക വിഭാഗങ്ങളിൽന്നായി 58 ജവാൻമാർ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്. സിആർപിഎഫ് വിഭാഗത്തിൽനിന്ന് ഇതുവരെ 150 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ബിഎസ്എഫിൽനിന്ന് 67 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യൻ ആർമിയുടെ ഡൽഹി റിസർച്ച് ആൻഡ് റെഫറൽ ആശുപത്രിയിൽ 24 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സൈനികാശുപത്രിയിൽ പ്രവേശിക്കപ്പെട്ട സൈനികരും വിരമിച്ച സൈനികരും ഉൾപ്പടെ 24 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നിയമ വകുപ്പിലെ ഉദ്യോഗസ്ഥന് കോവിഡ്19 സ്ഥിരീകരിച്ചതിനെ തുടർന്ന് ശാസ്ത്രിഭവനിലെ നാലാമത്തെ നില അടച്ചു പൂട്ടി.