Top Stories
കൊറോണ:ഡയമണ്ട് പ്രിൻസസ് കപ്പലിലെ 119 ഇന്ത്യക്കാരെ ഡൽഹിയിലെത്തിച്ചു

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയെ തുടർന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് കപ്പലിലെ 119 ഇന്ത്യക്കാരെ ഡൽഹിയിലെത്തിച്ചു. ഇന്ന് പുലർച്ചെ എയർ ഇന്ത്യ വിമാനത്തിലാണ് ഇവരെ ഡൽഹിയിലെത്തിച്ചത്. ഇന്ത്യക്കാർക്ക് പുറമേ ശ്രീലങ്ക, നേപ്പാൾ, സൗത്ത് ആഫ്രിക്ക, പെറു എന്നീ രാജ്യങ്ങളിൽനിന്നായി അഞ്ചു പേരും വിമാനത്തിലുണ്ടായിരുന്നു.
119 പേരെയും നിരീക്ഷണത്തിനായി ഡൽഹിയിലെ ചാവ്ല ഐടിബിപി ക്യാമ്പിൽ താമസിപ്പിക്കും. 14 ദിവസമാണ് ഇവരെ നിരീക്ഷണത്തിൽ പാർപ്പിക്കുക. തുടർന്ന് ഇവർക്ക് വീടുകളിലേക്ക് പോകാം.
അതേസമയം നേരത്തെ കൊറോണ സ്ഥിരീകരിച്ച 16 ഇന്ത്യക്കാർ ജപ്പാനിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഫെബ്രുവരി അഞ്ചിനാണ് കൊറോണ വൈറസ് സംശയത്തെത്തുടർന്ന് ഡയമണ്ട് പ്രിൻസസ് കപ്പൽ ജാപ്പനീസ് തീരത്ത് പിടിച്ചിട്ടിരുന്നത്. കപ്പലിൽ ആകെയുള്ള 3711 യാത്രക്കാരിൽ 138 ഇന്ത്യക്കാരാണുണ്ടായിരുന്നത്. ഇതിൽ ആറ് യാത്രക്കാർ ഒഴികെ 132 പേരും കപ്പലിലെ ജീവനക്കാരായിരുന്നു.