15 കാരിക്ക് കള്ള് നല്‍കി: ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി
തൃശ്ശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് കള്ള് നല്‍കിയ ഷാപ്പിന്റെ ലൈസൻസ് എക്സൈസ് റദ്ദാക്കി. വാടാനപ്പള്ളി തമ്പാൻകടവ് കള്ള് ഷാപ്പിന്റെ ലൈസൻസാണ് റദ്ദാക്കിയത്. പറവൂര്‍ സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ഷാപ്പ്.
കഴിഞ്ഞ രണ്ടിന് ആണ്‍ സുഹൃത്തിനൊപ്പമെത്തിയ 15 കാരി ഷാപ്പില്‍ കയറി മദ്യപിച്ചിരുന്നു. പിന്നീട് സ്നേഹതീരം ബീച്ചില്‍ പൊലീസ് പരിശോധനയില്‍ പിടിയിലാവുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഷാപ്പിൻ്റെ ലൈസൻസ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിയിലേക്ക് എക്സൈസ് കടന്നത്.
പെണ്‍കുട്ടി മദ്യപിച്ച സംഭവത്തില്‍ മൂന്നാം തിയ്യതി ഷാപ്പ് മാനെജരെയും ആണ്‍സുഹൃത്തിനെയും വിളിച്ചു വരുത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നന്ദിക്കര സ്വദേശി സുബ്രഹ്മണി, ഷാപ്പ് മാനെജര്‍ ബിനോജ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും റിമാന്റിലാവുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ലൈസൻസ് റദ്ദാക്കിയത്.