സ്നേഹാമൃതം വീണ്ടും
കൊച്ചി : കൊച്ചിയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ സ്നേഹാമൃതം പ്രഭാത ഭക്ഷണ പദ്ധതിയുടെ അഞ്ചാംപതിപ്പ് ബി.പി.സി.എല്‍ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഭയ് രാജ് സിംഗ് ഭണ്ഡാരി ഉദ്ഘാടനം ചെയ്തു.
കെ.ജെ. മാക്സി എം.എല്‍.എയുടെ നേതൃത്വത്തില്‍ 2017 മുതല്‍ നടപ്പാക്കി വരുന്ന സ്നേഹാമൃതം പ്രഭാത ഭക്ഷണ പദ്ധതിയിലൂടെ 42 സ്കൂളുകളിലെ പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ് വരെയുള്ള 8440 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. ഭാരത് പെട്രോളിയം കമ്പനിയുടെ സിഎസ്‌ആര്‍ പിന്തുണയോടെയാണ് കഴിഞ്ഞ നാലു വര്‍ഷമായി പദ്ധതി നടപ്പിലാക്കി വരുന്നത്.
മട്ടാഞ്ചേരി ടി.ഡി.എല്‍.പി.സ്കൂളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കെ.ജെ മാക്സി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗണ്‍സിലര്‍ രഘുറാം പൈ ജെ, എ.ഇ.ഒ എൻ സുധ, ബി.പി.സി.എല്‍ ചീഫ് മാനേജര്‍ വിനീത് എൻ വര്‍ഗീസ്, സ്കൂള്‍ മാനേജര്‍ പി അവിനാഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.