പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി
ന്യൂഡൽഹി : 77-ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ഗാര്‍ഡ് ഓഫ് നല്കി ആദരിച്ച ശേഷമാണ് ദേശീയ പതാക ഉയര്‍ത്തിയത്. വ്യോമസേനയുടെ ഹെലികോപ്റ്റര്‍ മാര്‍ക് 3,ധ്രുവ് എന്നിവ തത്സമയം പുഷ്പ വൃഷ്ടി നടത്തി.
2021-ല്‍ പ്രധാനമന്ത്രി ആരംഭിച്ച സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവ ആഘോഷങ്ങളുടെ സമാപനംകൂടിയാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം. പത്താം തവണയാണ് മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തുന്നത്. വിവിധമേഖലയിലുള്ള 1800 പേരാണ് രാജ്യതലസ്ഥാനത്തു നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഇക്കുറി പ്രത്യേക അതിഥികള്‍. ഗ്രാമസര്‍പഞ്ചുമാര്‍തൊട്ട് തൊഴിലാളികള്‍വരെ അതിഥികളായെത്തുന്നു.
മണിപ്പുര്‍ കലാപവും ഏക വ്യക്തി നിയമവും ഉയര്‍ത്തിയുള്ള പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി ചെങ്കോട്ടയില്‍ എത്തി അദ്ദേഹം വേദി വിടുന്നതുവരെ നാലു തലങ്ങളില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തൊടനുബന്ധിച്ച് സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9 ന് തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയര്‍ത്തും. തുടര്‍ന്ന് വിവിധ സേനാ വിഭാഗങ്ങളുടെ പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. രാജ്ഭവനില്‍ രാവിലെ 9.30 ക്ക് ഗവര്‍ണ്ണര്‍ പതാക ഉയര്‍ത്തും. നിയമസഭയില്‍ സ്പീക്കര്‍ എഎൻ ഷംസീര്‍ പതാക ഉയര്‍ത്തും. വിവിധ പാര്‍ട്ടി ആസ്ഥാനങ്ങളിലും സര്‍ക്കാര്‍ ഓഫീസികളിലും ദേശീയ പതാക ഉയര്‍ത്തും.