രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ കോവിഡ് കേസുകൾ 6000 കടന്നു
ന്യൂഡൽഹി : രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ റെക്കോഡ് വർദ്ധന. കോവിഡ് കേസുകളുടെ എണ്ണം 5000 കടന്ന് 6000 ത്തിലേക്കെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 6088 കോവിഡ് പോസിറ്റീവ് കേസുകളാണ്.
രാജ്യത്ത് കോവിഡ് 19 റിപ്പോർട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് 24 മണിക്കൂറിനിടയിൽ ആറായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ രോഗമുക്തരാകുന്നവരുടെ എണ്ണത്തിലും രാജ്യത്ത് വർദ്ധനവുണ്ടാകുന്നുണ്ട്. 40.5 ശതമാനം പേരാണ് രോഗമുക്തരായത്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകത്ത് 11ാം സ്ഥാനത്താണ് ഇന്ത്യ. 48,533 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്.
രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 1,18,447 ആയി ഉയർന്നു. ഇതിൽ 66,330 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ മരണം 3583 ആയി.148 പേരാണ് 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് മരണപ്പെട്ടത്.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരമാണ്. തുടര്‍ച്ചയായി അഞ്ചാം ദിവസവും സംസ്ഥാനത്ത് രണ്ടായിരത്തിലധികം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യ്തു. 24 മണിക്കൂറിനുള്ളില്‍ പുതുതായി 2,345 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് 19 രോഗികളുടെ എണ്ണം 41,642 ആയി ഉയര്‍ന്നു. മുംബയില്‍ മാത്രം 1,382 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 25,000 കടന്നു. കൊവിഡ് മൂലം കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ 64 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതില്‍ 41മരണം മുംബയിലാണ്.