Top Stories

കണ്ണൂരിൽ 12 പേർക്ക്‌ കൂടി ഇന്ന് കോവിഡ്

കണ്ണൂർ : ജില്ലയിൽ 12 പേർക്ക്‌ കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. മൂന്നു പേർ വിദേശരാജ്യങ്ങളിൽ നിന്നും ആറു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. മൂന്നു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 178 ആയി. ഇതിൽ 119 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

ധർമടം സ്വദേശികളായ 44, 42, 17 വയസ്സ് പ്രായമുള്ള മൂന്നു പേർക്കാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധയുണ്ടായിരിക്കുന്നത്.

മെയ് 12ന് ദുബൈയിൽ നിന്നുള്ള എയർഇന്ത്യ പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളം വഴിയെത്തിയ പയ്യന്നൂർ സ്വദേശി 67കാരൻ, 16ന് ദുബൈയിൽ നിന്നുള്ള വിമാനത്തിൽ കൊച്ചി വിമാനത്താവളം വഴിയെത്തിയ ചപ്പാരപ്പടവ് സ്വദേശി 39കാരൻ, 20ന് റിയാദിൽ നിന്നുള്ള വിമാനത്തിൽ കണ്ണൂർ വിമാനത്താവളം വഴിയെത്തിയ വേങ്ങാട് സ്വദേശി 42കാരൻ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ.

അഹമ്മദാബാദിൽ നിന്ന് മെയ് ആറിനെത്തിയ ഇപ്പോൾ മേക്കുന്നിൽ താമസിക്കുന്ന തലശ്ശേരി സ്വദേശികളായ 31കാരനും 61കാരനും, പാനൂർ സ്വദേശി 31കാരൻ, ചൊക്ലി സ്വദേശി 47കാരൻ, 14ന് എത്തിയ പാനൂർ പെരിങ്ങത്തൂർ സ്വദേശി 60കാരൻ, 15ന് രാജധാനി എക്സ്പ്രസിൽ മഹാരാഷ്ട്രയിൽ നിന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വഴിയെത്തിയ പിണറായി സ്വദേശി 45കാരൻ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ.

നിലവിൽ 10737 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 56 പേരും അഞ്ചരക്കണ്ടി കോവിഡ് ചികിൽസാ കേന്ദ്രത്തിൽ 42 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 24 പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ 17 പേരും വീടുകളിൽ 10598 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

അതിനിടെ, കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന പതിനേഴ് വയസുകാരന്‍ മരിച്ചു. ചെന്നൈയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മാടായി സ്വദേശി റിബിന്‍ ബാബുവാണ് മരിച്ചത്. മസ്തിഷ്ക അണുബാധയാണ് മരണകാരണമെന്ന് പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. കടുത്ത പനിയും തലവേദനയും ഉണ്ടായതിനെത്തുടര്‍ന്ന് ബുധനാഴ്ചയാണ് റിബിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ ആദ്യ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി സ്രവ പരിശോധന വീണ്ടും നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button