പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ ഒരുങ്ങി യെദിയൂരപ്പ
ബെംഗളൂരു: ഇസ്ലാമിക സംഘടനകളായ പോപ്പുലര്‍ ഫ്രണ്ടിനെയും, കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റിയേയും നിരോധിക്കുന്നതിനുള്ള നടപടികളുമായി കര്‍ണാടക സര്‍ക്കാര്‍. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എംഎല്‍എ തന്‍വീര്‍ സെയ്തിനു നേരെ നടന്ന ആക്രമണത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്നു സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് യെദിയുരപ്പ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ടിനെതിരെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈയും വ്യക്തമാക്കിയിരുന്നു. അടുത്ത മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യു മന്ത്രി ആര്. അശോക് പറഞ്ഞു. പിഎഫ്ഐ, കെഎഫ്ഡി എന്നീ സംഘടനകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. പിഎഫ്ഐയുടെ രാഷ്ട്രീയ സംഘടനയാണ് എസ്ഡിപിഐ. അതിനാല്‍ ഈ മൂന്നു സംഘടനകളെയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. താലിബാനെപ്പോലുള്ള ഭീകരസംഘടനകള്‍ക്ക് തുല്യമാണ് പിഎഫ്ഐ, കെഎഫ്ഡി സംഘടനകളെന്ന് ടൂറിസം മന്ത്രി സി.ടി. രവി പറഞ്ഞു.
തന്‍വീര്‍ സെയ്തിനെ ആക്രമിച്ച കേസില്‍ പ്രതി ഫര്ഹാന് പാഷയെ സ്ഥലത്തു നിന്നു തന്നെ പിടികൂടിയിരുന്നു. ഇയാള്‍ പിഎഫ്ഐ, എസ്ഡിപിഐ പ്രവര്‍ത്തകനാണെന്ന് പോലീസ് കണ്ടെത്തി. എംഎല്‍എയെ കുത്തിയ കേസിലെ പ്രതിക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം കേരളത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അടുത്ത സമയത്ത് കേരളത്തില്‍ എസ്ഡിപിഐക്കാര് പ്രതികളായ ചാവക്കാടും കണ്ണൂരും നടന്ന കൊലപാതകങ്ങളിലും സമാനമായ രീതിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് കുത്തേറ്റിരുന്നു. മൈസുരു ഡെപ്യൂട്ടി കമ്മീഷണര്‍ എം. മുത്തുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.