Special Story
കാസറഗോഡിന്റെ ഭക്ഷണപ്പെരുമ വിളിച്ചോതാനൊരുങ്ങി ഭക്ഷണക്കമ്മിറ്റി
കാസറഗോഡ് : കാസര്‍കോടന്‍ മണ്ണില്‍ കൗമാര കലാമേളയ്ക്ക് അരങ്ങുണരാന്‍ ഇനി ഏഴു ദിനങ്ങള്‍ കൂടി മാത്രം. ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കാസര്‍കോടന്‍ മണ്ണില്‍ വിരുന്നെത്തുന്ന കേരള സ്കൂള്‍ കലോത്സവ വിശേഷങ്ങളിൽ ആദ്യം ശ്രദ്ധ നേടുന്നത് ഭക്ഷണക്കമ്മിറ്റിയാണ്.ഭക്ഷണകാര്യത്തിൽ ഒരു കുറവും വരുത്താതെ അതിഥികളെയെല്ലാം സന്തോഷത്തോടെ യാത്രയാക്കാനുള്ള ഒരുക്കത്തിലാണ് ഭക്ഷണ കമ്മറ്റി.മത്സരം കഴിഞ്ഞ് തിരിച്ചു പോകുന്ന മത്സരാര്‍ത്ഥികളെ ആരെയും വെറും വയറോടെ ഭക്ഷണക്കമ്മറ്റി തിരിച്ചു വിടില്ല. കൈകളില്‍ പൊതിച്ചോറും നല്കി, കരുതലോടെ മാത്രമേ കലാ നഗരിയില്‍ നിന്നും യാത്ര അയക്കു.
ഭക്ഷണപ്പുരയിലെത്തുന്ന എല്ലാപേര്‍ക്കും വയറു നിറയെ ഉണ്ണാനുള്ള സൗകര്യം ഒരുങ്ങുകയാണ്. 27ന് പാലുകാച്ചല്‍ ചടങ്ങിന് ശേഷം ഭക്ഷണപ്പുര ഉണരും. മലബാറിന്റെ രുചിക്കൂട്ടുകള്‍ക്കൊപ്പം തുളുനാടന്‍ സീറയും, ഹോളിഗയും മത്സരാര്‍ത്ഥികള്‍ക്ക് ആസ്വദിക്കാം. പാല്പായസം, പ്രഥമന്‍ തുടങ്ങി പായസങ്ങളുടെ നീണ്ട നിര തന്നെ സദ്യയിലുണ്ടാകും. പ്രഭാത ഭക്ഷണത്തിന് ഇടിയപ്പവും ഇഷ്ടുവും കൊഴക്കട്ടയും മറ്റ് കേരളീയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തും.