രാജ്യത്ത് 24 മണിക്കൂറിനിടെ 6,566 പുതിയ കോവിഡ് കേസുകൾ
ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,566 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,58,323 ആയി ഉയർന്നു. തുടർച്ചയായ ഏഴാമത്തെ ദിവസമാണ് കോവിഡ് കേസുകളുടെ എണ്ണം 6,000ന് മുകളിൽ എത്തുന്നത്. രാജ്യത്ത് കോവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം 4,531 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 194 പേരാണ് മരിച്ചത്. 67,691 പേർ രാജ്യത്ത് രോഗമുക്തരായി.
ഇന്ത്യയിലെ കോവിഡ് കേസുകളിൽ അധികവും മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത്. 56,948 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചത്. കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. 24 മണിക്കൂറിനുള്ളിൽ 2190 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യ്തത്. ഇന്നലെ മാത്രം 105 പേർ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 1897 ആയി. 17918 പേരാണ് സംസ്ഥാനത്ത് കോവിഡ് മുക്തരായത്.
മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികളുള്ള തമിഴ്നാട്ടിലും രോഗവ്യാപനം തുടരുകയാണ്. സംസ്ഥാനത്ത് 18545 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിയ്ക്കൂറിനുള്ളിൽ 817 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. 133 പേർ തമിഴ്നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു. 9909 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തരായി.
കോവിഡ് വ്യാപനത്തിൽ രാജ്യത്ത് നാലാം സ്ഥാനത്തായിരുന്ന ഡൽഹി ഇന്ന് മൂന്നാം സ്ഥാനത്തെത്തി. ഡൽഹിയിൽ 24 മണിയ്ക്കൂറിനിടെ 792 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 15257 ആയി. ആകെ 303 പേർ ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ മാത്രം 15 പേരാണ് മരിച്ചത്. 7264 പേർ ഡൽഹിയിൽ കോവിഡ് മുക്തരായി.
കോവിഡ് വ്യാപനത്തിൽ നാലാം സ്ഥാനത്തുള്ള ഗുജറാത്തിൽ 374 പേർക്കാണ് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 15195 ആയി. 23 പേർ ഇന്നലെ മാത്രം കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 938 ആയി. 7549 പേർക്കാണ് ഇതുവരെ രോഗമുക്തി ഉണ്ടായത്.