News
കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം : താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഷാനി മൻസിലിൽ ഷീബ സാലിയെയാണ് (55) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അബ്ദുള്‍ സാലിയെ ഗുരുതര നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷണശ്രമമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് സംശയം. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവരുടെ മകൾ വിദേശത്തായതിനാൽ ദമ്പതിമാർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
സാലിയുടെ വീട്ടിൽനിന്നും ഗ്യാസ് സിലിണ്ടർ തുറന്നിട്ട ഗന്ധം വരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വീട്ടിൽ കയറി പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച് കൈ കാലുകൾ കെട്ടിയ നിലയിൽ ഇരുവരെയും കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേന അംഗങ്ങളാണ് രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചത്.
രണ്ടു പേരുടെയും തലയ്ക്കാണ് അടിയേറ്റിരിക്കുന്നത്. ഇരുവരുടെയും കൈകൾ ഇരുമ്പ് കമ്പി ഉപയോഗിച്ച് കെട്ടിയിരുന്നു. ഈ ഇരുമ്പ് കമ്പിയിലേയ്ക്ക് വൈദ്യുതി പ്രവഹിക്കാൻ ക്രമീകരണം ചെയ്തിരുന്നു. മെയിൻ സ്വിച്ച് ഓഫ് ചെയ്താണ് അഗ്നി രക്ഷാസേനാ വൈദ്യുതി പ്രവാഹം നിയന്ത്രിച്ചത്.
അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തുമ്പോൾ മൃതദേഹം കിടന്ന മുറിയിൽ ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ടിരിക്കുകയായിരുന്നു. വീടിനുള്ളിൽ രക്തം ചിതറി കിടക്കുന്ന നിലയിലായിരുന്നു. അലമാര തുറക്കാനും ശ്രമിച്ചിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന കാറും കാണാതായിട്ടുണ്ട്. പോലീസ് സയന്റിഫിക്ക് എക്സ്പേർട്ട് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി.