രാജ്യത്ത് കോവിഡ് ബാധിതർ 2 ലക്ഷത്തിലേക്ക്
ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8171 പുതിയ കോവിഡ് കേസുകളും 204 കൊറോണ മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 1,98706 ആയി ഉയർന്നു. ഇതുവരെ രാജ്യത്ത് കൊറോണ ബാധ മൂലം 5598 പേർ മരണമടഞ്ഞു. നിലവിൽ രാജ്യത്ത് 97,581 പേർ ചികിത്സയിൽ തുടരുന്നുണ്ട്. 95,526 പേർ രാജ്യത്ത് രോഗവിമുക്തരായി.
ഇന്ത്യയിലെ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയിലും, തമിഴ്നാട്ടിലും സ്ഥിതി നിയന്ത്രണാതീതമാണ്. 70013 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചത്. കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. 24 മണിക്കൂറിനുള്ളിൽ 2358 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യ്തത്. ഇന്നലെ മാത്രം 76 പേർ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 2362 ആയി. 30108 പേരാണ് സംസ്ഥാനത്ത് കോവിഡ് മുക്തരായത്.
മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികളുള്ള തമിഴ്നാട്ടിലും രോഗവ്യാപനം തുടരുകയാണ്. സംസ്ഥാനത്ത് 23495 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിയ്ക്കൂറിനുള്ളിൽ 1162 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. 184 പേർ തമിഴ്നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ മാത്രം 11 പേർ മരിച്ചു. 13170 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തരായി.
കോവിഡ് വ്യാപനത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്തുള്ള ഡൽഹിയിൽ 24 മണിയ്ക്കൂറിനിടെ 990 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 20834 ആയി. ആകെ 523 പേർ ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ മാത്രം 50 പേരാണ് മരിച്ചത്. 8746 പേർ ഡൽഹിയിൽ കോവിഡ് മുക്തരായി.
കോവിഡ് വ്യാപനത്തിൽ നാലാം സ്ഥാനത്തുള്ള ഗുജറാത്തിൽ 421 പേർക്കാണ് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 17200 ആയി. 25 പേർ ഇന്നലെ മാത്രം കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 1063 ആയി. 10780 പേർക്കാണ് ഇതുവരെ രോഗമുക്തി ഉണ്ടായത്.