കണിയാപുരം കൂട്ടബലാത്സംഗം: ഭർത്താവും നാല് കൂട്ടുകാരും പിടിയിൽ
തിരുവനന്തപുരം : കണിയാപുരത്ത് യുവതിയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികൾ പിടിയിൽ. ഭര്‍ത്താവ് അന്‍സാറും നാല് സുഹൃത്തുക്കളുമാണ് പിടിയിലായത്. കഠിനംകുളം പോലീസാണ് പ്രതികളെ പിടികൂടിയത്. ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. യുവതിയുടെ വിശദമായ മൊഴി പോലിസ് രേഖപ്പെടുത്തും. യുവതി ക്രൂരമായ ഉപദ്രവത്തിന് ഇരയായെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ഭര്‍ത്താവും ആറ് സുഹൃത്തുക്കളും ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. കണിയാപുരം സ്വദേശിയാണ് യുവതി. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെ ഭർത്താവ് യുവതിയെ വാഹനത്തിൽ കയറ്റി പുതുക്കുറിച്ചിയിലെ ഒരു വീട്ടിലെത്തിച്ചു. അവിടെവച്ച് ഭർത്താവും കൂട്ടുകാരും മദ്യപിച്ചു. തുടർന്ന് യുവതിയേയും മദ്യം കുടിപ്പിച്ചശേഷം ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. അതിനിടെ വീട്ടിൽനിന്ന് ഇറങ്ങിയോടിയ യുവതി ഒരു വാഹനത്തിന് കൈകാണിച്ചു. നാട്ടുകാരാണ് യുവതിയെ കണിയാപുരത്തെ വീട്ടിലെത്തിച്ചത്. അവിടെനിന്ന് ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
കൂട്ടബലാത്സംഗത്തിന് ശേഷം രക്ഷപ്പെട്ട തന്നെ, വീട്ടിലെത്തിയ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചെന്നും സിഗററ്റ് കത്തിച്ച ശേഷം ദേഹത്ത് കുത്തി പൊള്ളിച്ചെന്നും യുവതി പറഞ്ഞു. കേസ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. ഒപ്പമുണ്ടായിരുന്ന അഞ്ച് വയസുകാരനായ മകനും മര്‍ദ്ദനമേറ്റു.