News
വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ ‘ലാപ്ടോപ്പ് മൈക്രോ ചിട്ടി’
തിരുവനന്തപുരം : വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് ലാപ്ടോപ്പ് വാങ്ങാൻ കുടുംബശ്രീയും കെ.എസ്.എഫ്.ഇ.യും ചേർന്ന് ലാപ്ടോപ്പ് മൈക്രോ ചിട്ടി തുടങ്ങുന്നു. പഠനാവശ്യത്തിനുള്ള 15,000 രൂപയിൽത്താഴെ വിലയുള്ള ലാപ്ടോപ്പാണ് കിട്ടുക. ലാപ്ടോപ്പ് ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ചിട്ടിയിൽ ചേരാം.
15000 രൂപയുടെയാണ് ചിട്ടി. 500 രൂപവീതം 30 മാസം അടയ്ക്കണം. മുടങ്ങാതെ തവണകൾ അടയ്ക്കുന്നവർക്ക് ഓരോ പത്തുതവണ കഴിയുമ്പോഴും അടുത്തമാസത്തെ തവണ കെ.എസ്.എഫ്.ഇ. നൽകും. 1500 രൂപ കെ.എസ്.എഫ്.ഇ.തന്നെ അടയ്ക്കും.
മൂന്നാംമാസത്തിൽ ലാപ്ടോപ്പിനുള്ള പണം കെ.എസ്.എഫ്.ഇ നൽകും. കുടുംബശ്രീവഴിയാണ് നൽകുക. ലാപ്ടോപ്പിന്റെ വിലകിഴിച്ച് മിച്ചംവരുന്ന പണം ചിട്ടി വട്ടമെത്തുമ്പോൾ തിരികെനൽകും. തദ്ദേശസ്ഥാപനങ്ങൾ, എസ്.സി, എസ്.ടി വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവയ്ക്ക് ലാപ്ടോപ്പിന് സബ്സിഡി നൽകാം. എം.എൽ.എ.മാർക്ക് അവരുടെ ഫണ്ടിൽനിന്ന് സബ്സിഡി അനുവദിക്കുന്നതും പരിഗണിക്കും. സബ്സിഡിത്തുക കെ.എസ്.എഫ്.ഇ.യിൽ അടയ്ക്കണം. അതനുസരിച്ച് ചിട്ടിത്തവണകൾ കുറയും. ജനപ്രതിനിധികൾക്ക് സ്പോൺസർമാരെ കണ്ടെത്തി കൂടുതൽ സബ്സിഡി അനുവദിക്കാം.
കുടുംബശ്രീ യൂണിറ്റിന് ഓരോ മാസത്തെയും ചിട്ടിയടവിന്റെ രണ്ടുശതമാനം കമ്മിഷനായി ലഭിക്കും. ഐ.ടി.വകുപ്പാണ് ലാപ്ടോപ്പ് വിതരണക്കാരെ നിശ്ചയിക്കുക.എല്ലാകുട്ടികൾക്കും ഓൺലൈൻ പഠനസൗകര്യം ഒരുക്കാൻ അയൽക്കൂട്ട പഠനകേന്ദ്രങ്ങൾ തുടങ്ങുന്നുണ്ട്. ഇതിനുപുറമേയാണ് സ്വന്തമായി കുട്ടികൾക്ക് ലാപ്ടോപ് വാങ്ങാനുള്ള അവസരവും സർക്കാർ ഒരുക്കുന്നത്.