ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം
കൊച്ചി : സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ . 10 കുതിര ശക്തിക്ക് മുകളിലുള്ള എന്‍ജിനുകള്‍ ഉപയോഗിക്കുന്ന യന്ത്രവല്‍ക്കൃത യാനങ്ങള്‍ക്കാണ് നിരോധനം. കരയില്‍ നിന്ന് കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍വരെയാണ് നിരോധനം. കടലിൽപ്പോയ എല്ലാ ബോട്ടുകളും ചൊവ്വാഴ്ച അർധരാത്രിക്കുമുമ്പ് തിരിച്ചെത്തണം. ഇതരസംസ്ഥാന ബോട്ടുകൾ കേരളതീരം വിട്ടുപോകണം. ജൂലായ് 31ന് നിരോധനം അവസാനിക്കും.
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ട്രോളിങ് നിരോധനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ട്രോളിങ് നിരോധനം നടപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു. 1300 ബോട്ടുകള്‍ക്കാണു നിരോധനത്തിന്റെ പൂട്ടു വീഴുന്നത്. ഇതോടെ 15000ല്‍ അധികം മത്സ്യത്തൊഴിലാളികളും 25000 അനുബന്ധ തൊഴിലാളികളും വറുതിയിലാകും.
തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെ വരെയാണു ബോട്ടുകള്‍ക്കു ട്രോളിങ് നിരോധന കാലത്തു കടലില്‍ പോകാന്‍ നിയന്ത്രണമുള്ളത്. അതേസമയം ഔട്ട് ബോര്‍ഡ്, ഇന്‍ബോര്‍ഡ് എന്‍ജിനുകള്‍ ഘടിപ്പിച്ച വള്ളങ്ങള്‍ക്കും കട്ടമരം അടക്കമുള്ള പരമ്പരാഗത യാനങ്ങള്‍ക്കും കടലില്‍ പോകാം.