മുഖ്യമന്ത്രിയുടെ മകളും മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹം ഇന്ന്
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും ഡിവെെഎഫ്ഐ നേതാവ് മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹം ഇന്ന് ക്ലിഫ്ഹൗസില്‍ വച്ച് നടക്കും. ചടങ്ങുകള്‍ ഒഴിവാക്കി രാവിലെ പത്ത് മണിക്ക് വിവാഹ രജിസ്ട്രേഷന് നടക്കും. ഇരുവരുടെയും കുടുംബാംഗങ്ങള്‍ മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുക. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. 50 പേരെയാണ് ക്ഷണിച്ചിട്ടുള്ളത്.
വീണ ബംഗളുരുവില്‍ എക്സാലോജിക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറാണ്. നേരത്തെ, ഒറാക്കിളില്‍ കണ്‍സള്‍ട്ടന്റായും ആര്‍പി ടെക്സോഫ്റ്റ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും വീണ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ് മുഹമ്മദ് റിയാസ്. എസ്എഫ്ഐയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ മുഹമ്മദ് റിയാസ് ഡിവെെഎഫ്ഐയിലൂടെയാണ് കേരള രാഷ്ട്രീയത്തിലും ദേശീയ തലത്തിലും ചുവടുറപ്പിക്കുന്നത്. 2017-ലാണ് റിയാസ് സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവെെഎഫ്ഐയുടെ ദേശീയ പ്രസിഡന്റായത്. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനായ അബ്ദുള്‍ ഖാദറാണ് കോഴിക്കോട് സ്വദേശിയായ മുഹമ്മദ് റിയാസിന്റെ പിതാവ്.