തുടര്‍ച്ചയായ പതിനാലാം ദിവസവും രാജ്യത്ത് ഇന്ധന വില കൂടി
ന്യൂഡൽഹി : രാജ്യത്ത് തുടര്‍ച്ചയായ പതിനാലാം ദിവസവും എണ്ണക്കമ്പനികള്‍ ഇന്ധന വില കൂട്ടി. ഡീസലിന് 58 പൈസയും പെട്രോളിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ 14 ദിവസം കൊണ്ട് പെട്രോള്‍ ലിറ്ററിന് 7 രൂപ 65 പൈസയാണ് കൂടിയത്. ഡീസല്‍ ലിറ്ററിന് 7 രൂപ 86 പൈസയും കൂടി. പെട്രോള്‍ ലിറ്ററിന് 79 രൂപ 09 പൈസയും ഡീസല്‍ ലിറ്ററിന് 73 രൂപ 55 പൈസയുമാണ് ഇപ്പോഴത്തെ വില.
കൊച്ചിയില്‍ പെട്രോളിന് ഇന്ന് 78.70 രൂപയും ഡീസലിന് 73.03 രൂപയും, തിരുവനന്തപുരത്ത് പെട്രോളിന് 80.10 രൂപയും ഡീസലിന് 74.44 രൂപയുമാണ് വില.
ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. 19 മാസം മുന്‍പ് അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കില്‍ നിലവില്‍ ബ്രെന്റ് ക്രൂഡിന് ബാരലിന് 45 ഡോളറില്‍ താഴെയാണ് വില.
ആഗോളതലത്തില്‍ അസംസ്കൃത എണ്ണ വില ഇടിയുമ്പോഴാണ് ഇന്ത്യയില്‍ എണ്ണവിതരണ കമ്ബനികള്‍ വില ഉയര്‍ത്തിയത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞെങ്കിലും സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി മൂന്നു രൂപ വര്‍ധിപ്പിച്ചതോടെ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്കു ലഭിച്ചില്ല. ഇപ്പോള്‍ രാജ്യാന്തര വിപണിയിലെ വില തിരിച്ചുകയറുന്ന പശ്ചാത്തലത്തില്‍ എണ്ണക്കമ്പനികള്‍ ആഭ്യന്തര വില്‍പ്പന വില ഉയര്‍ത്തുകയാണ്.