സംസ്ഥാനത്ത് ഇന്ന് 133 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 133 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശ്ശൂർ ജില്ലയിൽ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയിൽ 13 പേർക്കും, ഇടുക്കി ജില്ലയിൽ 11 പേർക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 10 പേർക്ക് വീതവും, തിരുവനന്തപുരം ജില്ലയിൽ 9 പേർക്കും, പത്തനംതിട്ട ജില്ലയിൽ 8 പേർക്കും, കാസർകോട് ജില്ലയിൽ ആറു പേർക്കും, എറണാകുളം ജില്ലയിൽ അഞ്ചു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 80 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (കുവൈത്ത്-35, സൗദി അറേബ്യ-18, യു.എ.ഇ.-13, ബഹ്റൈൻ-5, ഒമാൻ-5, ഖത്തർ-2, ഈജിപ്റ്റ്-1, ജീബൂട്ടി (Djibouti)1) 43 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (തമിഴ്നാട്-17, മഹാരാഷ്ട്ര-16, ഡൽഹി-3, ഗുജറാത്ത്-2, പശ്ചിമബംഗാൾ-2, ഉത്തർപ്രദേശ്-2, ഹരിയാണ-1) വന്നതാണ്.
ഒമ്പത് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി, തൃശൂർ ജില്ലകളിൽ മൂന്നു പേർക്ക് വീതവും പാലക്കാട് ജില്ലയിൽ രണ്ടു പേർക്കും എറണാകുളം ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ ഇടുക്കി ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 93 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂർ ജില്ലയിൽ 37 പേരുടെയും, മലപ്പുറം ജില്ലയിൽ 30 പേരുടെയും (ഒരു തൃശൂർ സ്വദേശി, ഒരു പത്തനംതിട്ട സ്വദേശി), ആലപ്പുഴ ജില്ലയിൽ ഒമ്പതു പേരുടെയും, കോഴിക്കോട് ജില്ലയിൽ അഞ്ചു പേരുടെയും (ഒരു കണ്ണൂർ സ്വദേശി), പത്തനംതിട്ട ജില്ലയിൽ നാലുപേരുടെയും (ആലപ്പുഴ സ്വദേശി), കോട്ടയം ജില്ലയിൽ മൂന്നു പേരുടെയും, കണ്ണൂർ, കാസർകോട് ജില്ലകളിൽ രണ്ടു പേരുടെയും പാലക്കാട് ജില്ലയിൽ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1,490 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,659 പേർ ഇതുവരെ കോവിഡ് മുക്തരായി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,969 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,41,919 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2,050 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 325 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 5,239 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,37,475 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 3,460 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.
ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 38,146 സാമ്പിളുകൾ ശേഖരിച്ചതിൽ 36,751 സാമ്പിളുകൾ നെഗറ്റീവ് ആയി. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ആകെ 1,83,201 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് ഏഴ് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ തൃക്കോവിൽവട്ടം, മയ്യനാട്, ഇട്ടിവ, കല്ലുവാതുക്കൽ, കൊല്ലം കോർപറേഷൻ, കോട്ടയം ജില്ലയിലെ വാഴപ്പള്ളി, പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
അതേസമയം ഒമ്പത് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. തൃശൂർ ജില്ലയിലെ അവണൂർ, ചേർപ്പ്, തൃക്കൂർ, ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി, വാടാനപ്പള്ളി, അളഗപ്പനഗർ, വെള്ളാങ്ങല്ലൂർ, തോളൂർ, കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂർ എന്നിവയെയാണ് ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 109 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണിന്ന്. തുടർച്ചയായ മൂന്നാംദിവസമാണ് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ വൻവർധനയുണ്ടാകുന്നത്.