പ്രവാസികൾക്ക് പിപിഇ കിറ്റ് ധരിച്ചും നാട്ടിലേക്ക് വരാം
തിരുവനന്തപുരം : പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങിവരാൻ കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് വേണമെന്ന തീരുമാനത്തിൽ തിരുത്തുമായി സംസ്ഥാന സർക്കാർ. കോവിഡ് പരിശോധനയില്ലാത്ത വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രവാസികൾക്ക് പിപിഇ കിറ്റ് ധരിച്ച് നാട്ടിലേക്ക് വരാൻ അനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പിപിഇ കിറ്റുകൾ നൽകുന്നതിന് വിമാനക്കമ്പനികൾ സൗകര്യമൊരുക്കണം.
സൗദി അറേബ്യ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ കോവിഡ് 19 പരിശോധന നടത്താൻ വളരെയേറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. എന്നാൽ കോവിഡ് 19 പരിശോധനാ സൗകര്യമുള്ള രാജ്യങ്ങളിൽ നിന്ന് കോവിഡ് 19 പരിശോധനാ സർട്ടിഫിക്കറ്റ് തുടർന്നും നിർബന്ധമാക്കും.
പിപിഇ കിറ്റ് വിമാനക്കമ്പനികൾ നൽകണമെന്നാണ് തീരുമാനമുണ്ടായതെങ്കിലും ഏതൊക്കെ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് പിപിഇ കിറ്റുകൾ നൽകേണ്ടത്, വിമാനക്കമ്പനികൾ എങ്ങനെയാണത് ലഭ്യമാക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കാൻ സെക്രട്ടറിതല സമിതി തിരുവന്തപുരത്ത് യോഗം ചേരുകയാണ്. ഇതിനുശേഷമായിരിക്കും വ്യക്തമായ മാർഗ നിർദേശങ്ങൾ പുറത്തിറക്കുക.
പ്രവാസികൾ കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങിയേ വരാവൂ എന്നായിരുന്നു സർക്കാരിന്റെ മുൻനിലപാട്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ തീരുമാനം പ്രാബല്യത്തിൽ കൊണ്ടുവരുന്ന തീയതി നീട്ടാനും ആലോചനയുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാനാണ് തീരുമാനം.